ബംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ബെളഗാവി ലോക്സഭ മണ്ഡലത്തിലും മസ്കി, ബസവകല്യാണ്‍ നിയമസഭ മണ്ഡലങ്ങളിലും പോളിങ് തുടങ്ങി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബൂത്തുകളില്‍ പോളിങ്ങിന് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.
കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്ന സുരേഷ് അംഗദി കഴിഞ്ഞ സെപ്റ്റംബറില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് ബെളഗാവി ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബെളഗാവിയില്‍ ശക്തമായ സ്വാധീനമുള്ള ജാര്‍ക്കിഹോളി സഹോദരന്മാരിലെ സതീഷ് ജാര്‍ക്കിഹോളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സഹതാപ വോട്ട് പ്രതീക്ഷയില്‍ സുരേഷ് അംഗദിയുടെ ഭാര്യ മംഗള അംഗദിയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.
മുന്‍ മന്ത്രികൂടിയായ സതീഷ് ജാര്‍ക്കിഹോളി ശക്തനായ എതിരാളിയാണെന്നതിനാല് ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ മത്സരം കടുക്കും. മുന്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമായ ജഗദീഷ് ഷെട്ടാറിെന്റ ബന്ധുകൂടിയാണ് മംഗള അംഗദി. ഷെട്ടാറിനായിരുന്നു മംഗള അംഗദിയുടെ തെരെഞ്ഞടുപ്പ് പ്രചാരണ ചുമതല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7.6 ലക്ഷം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സാധുനാവറിന് ലഭിച്ചത് 3.7 ലക്ഷം വോട്ടും. ഇത്തവണ മറാത്ത വോട്ട് ലക്ഷ്യമിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ശുഭം വിക്രാന്ത് ഷെല്കെയും രംഗത്തുണ്ട്.
മസ്കി നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പിയുടെ പ്രതാപ് ഗൗഡ പാട്ടീലിനെതിരെ ബസനഗൗഡ തുര്വിഹാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇരുവരും പാര്‍ട്ടി പരസ്പരം മാറിയാണ് ഇത്തവണ മത്സരത്തിനെത്തുന്നത് എന്നതാണ് കൗതുകം.
കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു ബി. നാരായണ റാവു കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് ബസവകല്യാണില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സഹതാപ തരംഗം പ്രതീക്ഷിച്ച് നാരായണ റാവുവിന്റെ ഭാര്യ മല്ലമ്മയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ന്യൂനപക്ഷ വോട്ട് ലക്ഷ്യംവെച്ച് സെയ്ദ് യസറബ് അലി ഖാദിരിയെ ജെ.ഡി-എസും രംഗത്തിറക്കി. മുമ്പ് രണ്ടു തവണ ജെ.ഡി-എസ് എം.എല്‍.എയായിരുന്ന മല്ലികാര്‍ജുന ഖുബെ സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കുന്നുണ്ട്.
Post Your Comments