ചെന്നൈ: സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 13 റൺസ് വിജയം. നിശ്ചിത 20 ഓവറിൽ 151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദിന് 137 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ബൗളിംഗ് പ്രകടനമാണ് മത്സര ഫലം മുംബൈയ്ക്ക് അനുകൂലമാക്കിയത്.
ഓപ്പണർമാരായ ജോണി ബെയർസ്‌റ്റോയും ഡേവിഡ് വാർണറും ഹൈദരാബാദിന് മികച്ച തുടക്കമാണ് നൽകിയത്. വാർണർ 34 പന്തിൽ 36 റൺസും ബെയര്‍സ്റ്റോ 22 പന്തിൽ 43 റൺസുമെടുത്തു. ഓപ്പണർമാരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന ചെയ്യാൻ കഴിയാതിരുന്നത് ഹൈദരാബാദിന് തിരിച്ചടിയായി. വിജയ് ശങ്കർ 28 റൺസ് എടുത്തു. അവസാന 8 റൺസ് എടുക്കുന്നതിനിടെ ഹൈദരാബാദിന് 5 വിക്കറ്റുകളാണ് നഷ്ടമായത്.
മുംബൈയ്ക്ക് വേണ്ടി രാഹുൽ ചഹറും ട്രെൻഡ് ബോൾട്ടും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ജസപ്രീത് ബൂമ്ര 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. ക്രുനാൽ പാണ്ഡ്യ 3 ഓവറിൽ 30 റൺസ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം സ്ഥാനത്തും ചെന്നൈ സൂപ്പർ കിംഗ്‌സ് മൂന്നാം സ്ഥാനത്തുമുണ്ട്.
Post Your Comments