ചെന്നൈ: തുടർച്ചയായ മൂന്നാം മത്സരത്തിലും കൂറ്റൻ സ്‌കോർ കണ്ടെത്താനാകാതെ മുംബൈ ഇന്ത്യൻസ്. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടാനെ സാധിച്ചുള്ളൂ. 40 റൺസ് നേടിയ ക്വിന്റൺ ഡീകോക്കാണ് മുംബൈയുടെ ടോപ് സ്‌കോറർ.
ഓപ്പണർമാരായ ക്വിന്റൺ ഡീകോക്കും നായകൻ രോഹിത് ശർമ്മയും മുംബൈയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചാർത്ത ശേഷമാണ് രോഹിത് ശർമ്മ (32) പുറത്തായത്. മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ് 10 റൺസുമായും ഇഷൻ കിഷൻ 12 റൺസുമായും മടങ്ങി. 39 പന്തിൽ 40 റൺസ് നേടിയ ഡീകോക്കിന്റെയും 22 പന്തിൽ 35 റൺസ് നേടി പുറത്താകാതെ നിന്ന കീറോൺ പൊള്ളാർഡിന്റെയും പ്രകടനമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 7 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി.
ഹൈദരാബാദിന് വേണ്ടി മുജീബ് ഉർ റഹ്മാൻ 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. വിജയ് ശങ്കർ 3 ഓവറിൽ 19 റൺസ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഖലീൽ അഹമ്മദ് 1 വിക്കറ്റ് വീഴ്ത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൺ റൈസേഴ്‌സ് ഹൈദരാബാദ് 4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസ് എന്ന നിലയിലാണ്.
Post Your Comments