തിരുവനന്തപുരം: അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരാധനാലയങ്ങള്‍ക്കുള്ളില്‍ സ്ഥലവിസ്തൃതിയുടെ പകുതിയില്‍ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരില്‍ കവിയരുതെന്നും കലക്ടര്‍ പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മത-സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍.
ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ നടത്തുമ്ബോള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം.
കഴിയുന്നതും ചടങ്ങുകള്‍ മാത്രമായി ഇവ പൂര്‍ത്തിയാക്കണം. അന്നദാനം അടക്കമുള്ള പരിപാടികള്‍ ഒഴിവാക്കണം. ആരാധാനാലയങ്ങളില്‍ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിനുപകരം പൈപ്പ് വഴി വെള്ളം ഉപയോഗിക്കണം. ആവശ്യത്തിന് സാനിറ്റൈസറും കൈ കഴുകുന്നതിനുള്ള മറ്റു സൗകര്യങ്ങളും എല്ലായിടത്തും ഉറപ്പാക്കണം. ഇന്‍ഡോര്‍ പരിപാടികളില്‍ 75ഉം ഔട്ട് ഡോര്‍ പരിപാടികളില്‍ 150 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം കര്‍ശനമായി ഉറപ്പാക്കണം. 10 വയസ്സിന് താഴെയുള്ള കുട്ടികളും 60 ന് മുകളിലുള്ളവരും ഗര്‍ഭിണികളും വീടുകളില്‍ത്തന്നെ കഴിയണമെന്നും കലക്ടര്‍ പറഞ്ഞു.
ആരാധനാലയങ്ങള്‍ക്കുള്ളിലും പുറത്തും വീടുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിെന്റ ആവശ്യകത സംബന്ധിച്ച് അനൗണ്‍സ്മെന്റ് നടത്തണം. തിരക്കേറിയ സമയങ്ങളില്‍ നിര്‍ബന്ധമായും അനൗണ്‍സ്മെന്റ് വേണം. ആരാധനാലയങ്ങളിലെ 45 നുമേല്‍ പ്രായമുള്ള എല്ലാ പുരോഹിതന്മാരും സഹായികളും കോവിഡ് വാക്സിന് എടുക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വാക്സിന് എടുത്തിട്ടില്ലാത്തവരും 45 വയസ്സിനു താഴെ പ്രായമുള്ള മറ്റുള്ളവരും ഓരോ 15 ദിവസം കഴിയുമ്ബോഴും ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവാണെന്ന് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികള്‍ക്കും പൂര്‍ണ സഹകരണവും സഹായവും നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മത-സാമുദായിക സ്ഥാപന പ്രതിനിധികള്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി.
Post Your Comments