ന്യൂഡൽഹി: ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ വില വലിയ തോതിൽ കുറച്ച് കേന്ദ്രസർക്കാർ. ഇനി മുതൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്ന് ലഭ്യമാകും. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി.
2000 രൂപയോളം വിലക്കുറവിലാണ് റെംഡിസീവർ ഇനി മുതൽ ലഭ്യമാകുക. ഇതുവരെ 2,800 രൂപ വിലയുണ്ടായിരുന്ന മരുന്ന് ഇനി മുതൽ 899 രൂപയ്ക്ക് ലഭ്യമാകും. കോവിഡ് ബാധിതർക്കും സാധാരണക്കാർക്കും ഒരുപോലെ ആശ്വസമാകുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. റെംഡിസീവർ മരുന്ന് നിർമ്മാതാക്കളുമായി കേന്ദ്രസർക്കാർ അടുത്തിടെ നടത്തിയ ചർച്ചയാണ് മരുന്നിന്റെ വില കുറയാൻ കാരണമായത്.
ഏപ്രിൽ 12, 13 തീയതികളിൽ റെംഡിസീവർ കമ്പനിയുടെ അധികൃതരുമായി സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മരുന്നിന്റെ ഉത്പ്പാദനം വർധിപ്പിക്കാനും വില കുറക്കാനുമുള്ള നിർദ്ദേശങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ചത്. നിലവിൽ ഏഴ് ഉത്പ്പാദന കേന്ദ്രങ്ങളിലായി പ്രതിമാസം 38.80 ലക്ഷം മരുന്നാണ് ഉത്പ്പാദിപ്പിക്കുന്നത്. പ്രതിമാസം 10 ലക്ഷം മരുന്ന് വീതം ഉത്പ്പാദിപ്പിക്കാനായി ആറ് ഉത്പ്പാദന കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.
Post Your Comments