ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രൂക്ഷമാവുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1341 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്.
ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകളുള്ളത്. ആകെ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. നിലവില്‍ രാജ്യത്ത് 1,45,26,609 പേര്‍ക്കാണ് രോഗം ബാധിച്ചത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 11,99,37,641 ആയി.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്. മൂന്ന് ദിവസം കൊണ്ട് 7 ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,95,397 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 26,49,72,022 ആയി ഉയർന്നു.
Post Your Comments