
മംഗലാപുരം: മംഗലാപുരം ബോട്ട് അപകടത്തിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി. നേവി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അപകടത്തിന്റെ നാലാം ദിനമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയായിരുന്നു. ഇതിനിടെയാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. നേരത്തെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അപകട സമയം ബോട്ടിൽ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർ രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ പോയ ബോട്ട് കപ്പലിൽ ഇടിച്ചാണ് അപകടമുണ്ടായത്.
നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. പൂർണമായും മുങ്ങിപ്പോയ ബോട്ടിന്റെ താഴെയുള്ള ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് സംശയമുണ്ടായിരുന്നെങ്കിലും മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Post Your Comments