കോഴിക്കോട്: സബ്ഇൻസ്‌പെക്ടറെ അധിക്ഷേപിച്ച് ഡിസിപി എം ഹേമലത. മറ്റ് ഉദ്യോഗസ്ഥരെല്ലാം കേൾക്കെ പരസ്യമായിട്ടായിരുന്നു എസ് ഐയെ ഡിസിപി അധിക്ഷേപിച്ചത്. നിങ്ങൾക്ക് സാമാന്യ ബോധമില്ലേ… നിങ്ങളൊരു വിഡ്ഡിയാണോ.. നിങ്ങൾ മനുഷ്യൻ തന്നെയോ.. അതോ നിങ്ങളൊരു മൃഗമാണോ…. എന്നൊക്കെ അധിക്ഷേപിച്ചായിരുന്നു ഡിസിപിയുടെ പ്രകടനം. സബ് ഇൻസ്പെക്ടറെ വിഡ്ഡിയെന്ന് അധിക്ഷേപിക്കുകയും മൃഗത്തോട് ഉപമിക്കുകയും ചെയ്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കെതിരെ പൊലീസ് സേനയിൽ പ്രതിഷേധം ശക്തമാകുകയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷൻ പരാതി ഡിസിപിക്കെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
Read Also: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
പരാതിയുടെ അടിസ്ഥാനത്തിൽ ഡിസിപി എം ഹേമലതയിൽ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് വിശദീകരണം തേടി. വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 13 ന് രാവിലെയായിരുന്നു സംഭവം. പതിവായി നടക്കുന്ന പ്രതിദിന അവലോകന യോഗത്തിനിടെയാണ് കൺട്രോൾ റൂം എസ് ഐയ്ക്ക് നേരെ രൂക്ഷമായ ഭാഷയിൽ ഡിസിപി അധിക്ഷേപം നടത്തിയത്.
ഫ്ളയിംഗ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇത് പാലിക്കാത്തതാണ് ഡിസിപിയെ പ്രകോപിതയാക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയിൽ പോയതിനാലാണ് പട്രോളിംഗ് വാഹനങ്ങളിലെല്ലാം എസ് ഐമാർ വേണമെന്ന നിർദ്ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇൻസ്പെക്ടർ വിശദീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന് ചെവി കൊടുക്കാതെ മറ്റ് ഉദ്യോഗസ്ഥരെല്ലാം കേൾക്കെ ഡിസിപി ഇദ്ദേഹത്തെ പരസ്യമായി അപമാനിക്കുകയായിരുന്നു.
Read Also: സമയ ലാഭവും സാമ്പത്തിക ലാഭവും ഇനി ഒന്നിച്ച്; അറിയാം ഇ സഞ്ജീവനിയെ കുറിച്ച്
ആളില്ലാത്തിനാലാണ് നിർദ്ദേശം നടപ്പാക്കാൻ കഴിയാത്തതെന്നാണ് പൊലീസുകാർ വ്യക്തമാക്കുന്നത്. ഒൻപത് ഫ്ളയിംഗ് സ്‌ക്വാഡുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരുപത് വണ്ടികളാണ് ഓടുന്നത്. എന്നാൽ ആവശ്യത്തിന് പൊലീസുകാരില്ലാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഡിസിപി അപമാനിക്കുകയായിരുന്നുവെന്നാണ് പൊലീസുകാർ വ്യക്തമാക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതും ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് മേലുദ്യോഗസ്ഥയുടെ നടപടിയെന്നും ഇവർ ആരോപിക്കുന്നു.
Post Your Comments