തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേര്‍ന്ന് നടത്തിയ കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ പരാതി എടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും മുഖ്യമന്ത്രിയെ സല്യൂട്ട് അടിച്ചു പറഞ്ഞു വിട്ട ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. കോവിഡ് പോസിറ്റിവായ കമലയും ഡിസ്ചാർജ് ആയി തിരികെ പോകുമ്പോൾ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചിരുന്നു. ഇതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തിന് മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാതൃകയാകേണ്ട മുഖ്യമന്ത്രിയാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ്. കോവിഡ് ബാധിതയെ യാതൊരു മുന്നൊരുക്കങ്ങളും , സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും അതിന് സല്യൂട്ട് അടിച്ച് ആതിഥ്യം അരുളുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഇതിനെ തടയേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല ഈ നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
കോവിഡ് രോഗം പരത്താന്‍ വേണ്ടി ശ്രമിച്ച ഇവര്‍ക്ക് എതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269 , 270 വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കേണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥനും , മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും എതിരെ നടപടിയെടുക്കണം. ആയതിലേക്ക് അങ്ങയുടെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് പരാതി.
Post Your Comments