കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് 1560 പേർക്കാണ് കോവിഡ് ബാധിച്ചത്.
കണ്ടെയ്ൻമെന്റ് സോണുകളിലെ പൊതു സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ പൂർണമായി നിരോധിച്ചിരിക്കുകയാണ്. തൊഴിൽ, അവശ്യ സേവനം എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ആരാധനാലയങ്ങളിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ചടങ്ങ് മാത്രമായി നടത്താനേ അനുമതിയുളളൂ. ഇവിടെയും അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് രോഗം ബാധിച്ച 1560 പേരിൽ 1523 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഒരാൾക്കും കോവിഡ് പോസിറ്റീവായി. 36 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 21.20 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,038 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
Post Your Comments