തിരുവനന്തപുരം: തന്നെ ലുട്ടാപ്പിയെന്ന് ആരെങ്കിലും വിളിച്ചാല്‍ അതൊരു നെഗറ്റീവായി കാണുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എ.എ. റഹീം. ഞാന്‍ അതിനെ അവഗണിക്കുന്നു എന്നത് ഒരു ഭാഗം. അവര്‍ വിളിക്കുന്നത് ഒരു പോപ്പുലാറായ ഒരു കഥാപാത്രത്തെയാണെന്നും അദ്ദേഹം പറഞ്ഞു. വിഷുവിനോട് അനുബന്ധിച്ച് സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് റഹിം ഇക്കാര്യം പറഞ്ഞത്.
മുല്ലപ്പള്ളിയുടെ ജാഥയുമായി ബന്ധപ്പെട്ടാണ് തനിക്ക് ആ പേര് വീണത്. ലുട്ടാപ്പിയെന്ന കഥാപാത്രത്തിന്റെ നിറം മാറ്റാന്‍ ഒരു ശ്രമം നടന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇതിനെതിരെ കേരളത്തില്‍ ഒരു ജനകീയ മൂവ് മെന്റ് ഉയര്‍ന്ന് വന്നു. ഇതേസമയത്താണ് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മുല്ലപ്പളളിയെ കൊണ്ടു വന്നത്.
ഈ സമയം നടന്ന മുല്ലപ്പള്ളിയുടെ ജാഥയ്ക്ക് ഒരു ജനപിന്തുണയും ഉണ്ടായിരുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ലുട്ടാപ്പിക്ക് വേണ്ടി പ്രതിഷേധം ഉയര്‍ത്തി. ആ സമയം ‘ലുട്ടാപ്പിയെ വിളിക്കൂ… കോണ്‍ഗ്രസിനെ രക്ഷിക്കൂ… ‘എന്നൊരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതോടെയാണ് തനിക്ക് ലുട്ടാപ്പിയെന്ന് പേര് വീണത്. സോഷ്യല്‍ മീഡിയ സ്വതന്ത്രമായ തെരുവാണ്. അവിടെ പല തരത്തിലുള്ള ആളുകളുണ്ടാകുമെന്നും റഹിം പറഞ്ഞു.
Post Your Comments