ലണ്ടൻ: പാകിസ്താന് കനത്ത തിരിച്ചടിയുമായി ബ്രിട്ടൺ. അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്തി ബ്രിട്ടൺ ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തിൽ ബ്രിട്ടീഷ് സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതി പ്രകാരമാണ് പാകിസ്താനെതിരെ ബ്രിട്ടൺ നടപടി സ്വീകരിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങൾ എന്നീ കാര്യങ്ങളുള്ള 2017 ലെ നിയമമാണ് ബ്രിട്ടീഷ് സർക്കാർ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൺ ഉൾപ്പെട്ടിരിക്കുന്നത്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്താൻ.
അതേസമയം വസ്തുതകൾ മനസ്സിലാക്കിയല്ല ബ്രിട്ടന്റെ നടപടിയെന്നാണ് പാകിസ്താൻ പറയുന്നത്. ബ്രിട്ടന്റെ തീരുമാനത്തിനെതിരെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം ബ്രിട്ടൻ പുനപരിശോധിക്കണമെന്നാണ് ഇമ്രാൻ ഖാന്റെ ആവശ്യം.
Read Also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് യോഗി സർക്കാർ; ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു
അൽബേനിയ, ബാർബഡോസ്, ബോട്‌സ്വാന, ബർകിന ഫാസോ, കംബോഡിയ, കേമാൻ ദ്വീപുകൾ, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, ഘാന, ഇറാൻ, ജമൈക്ക, മൗറീഷ്യസ്, മൊറോക്കോ, മ്യാൻമർ, നിക്കരാഗ്വ, പനാമ, സെനഗൽ, സിറിയ, ഉഗാണ്ട, യെമൻ, സിംബാംബ്‌വെ തുടങ്ങിയവയാണ് 3 ZA ഷെഡ്യൂളിന് കീഴിലുള്ള ഉയർന്ന അപകടസാധ്യതയുള്ള മറ്റ് രാജ്യങ്ങൾ.
Post Your Comments