കോട്ടയം: എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ ധൈര്യത്തോടെ ചതുപ്പിലേക്കിറക്കിയ പൈലറ്റിന് കേരളം മുഴുവൻ കയ്യടിക്കുമ്പോൾ അഭിമാനത്തിലാണ് ചിറക്കടവ് എന്ന നാട് . ചിറക്കടവ് സ്വദേശി കെ.ബി. ശിവകുമാറായിരുന്നു കോ പൈലറ്റ്. കോട്ടയം കുമരകം സ്വദേശി 54കാരനായ ക്യാപ്റ്റന്‍ അശോക് കുമാറായിരുന്നു പൈലറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സോണിയ ഗാന്ധി അടക്കമുള്ള പ്രമുഖരുടെ പൈലറ്റായും ജോലി ചെയ്തിട്ടുള്ള ശിവകുമാര്‍ എയര്‍ഫോഴ്സിലായിരുന്നു. അവിടെനിന്ന് നേടിയ വൈദഗ്ധ്യമാണ് ശിവകുമാറിനെ അപകടസാഹചര്യത്തില്‍ മനോധൈര്യം കൈവിടാതെ തുണച്ചത്. അപകടം കഴിഞ്ഞയുടന്‍ അദ്ദേഹം വീട്ടിലേക്ക് വിളിച്ചതായും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചതായും ജ്യേഷ്ഠന്‍ ശശികുമാര്‍ പറഞ്ഞു.
Also Read:സചിന്‍ വാസെയുടെ കൂട്ടാളിയായ ഇൻസ്‌പെക്ടർ റിയാസ് ഖാസിയെ എന്‍ഐ എ അറസ്റ്റ്ചെയ്തു
റണ്ണിങ് എന്‍ജിന്‍ നിന്നപ്പോള്‍ അഡീഷനല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കി. എന്നാല്‍, വിജയിക്കാതെവന്നതോടെ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നെന്ന് ശിവകുമാര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഇറ്റലിയില്‍നിന്ന് മുൻപ് ഇതേ ഹെലികോപ്ടര്‍ യൂസുഫലിക്ക് എത്തിച്ചതും റിട്ട. എയര്‍ഫോഴ്സ് വിങ് കമാന്‍ഡറായ ശിവകുമാറാണ്. ചിറക്കടവ് കോയിപ്പുറത്ത് മഠത്തില്‍ ഭാസ്‌കരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ്.
സൈനിക സേവനത്തില്‍നിന്ന് വിരമിച്ചശേഷം ഡല്‍ഹിയില്‍ റെലിഗേര്‍ എന്ന ഫ്ലൈറ്റ് കമ്ബനിയില്‍ ജോലിചെയ്തു. അക്കാലത്ത് ഡല്‍ഹിയില്‍ വി.വി.ഐ.പികളുടെ ഫ്ലൈറ്റ് പറത്തലായിരുന്നു പ്രധാന ചുമതല. പിന്നീട് യൂസുഫലിയുടെ പൈലറ്റായി സേവനം തുടങ്ങി. ബിന്ദുവാണ് ഭാര്യ. രണ്ട് മക്കളില്‍ മൂത്തയാള്‍ തുഷാര്‍ കാനഡയില്‍ എന്‍ജിനീയറാണ്. ഇളയമകന്‍ അര്‍ജുന്‍ എയറോനട്ടിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി.
ഇന്ത്യന്‍ നേവിയിലെ കമാന്‍ററായിരുന്നു പൈലറ്റ് അശോക് കുമാര്‍. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. തുടര്‍ന്ന് ഒ.എസ്.എസ് എയര്‍ മാനേജ്മെന്റിെന്റ വിമാനങ്ങളുടെ പൈലറ്റായി. അവിടെ നിന്നാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്. ശിവകുമാര്‍ അശോക് കുമാറിനെക്കാള്‍ സീനിയറാണ്. ഇരുവരും ഇപ്പോള്‍ എറണാകുളത്താണ് കുടുംബസമേതം താമസിച്ചു പോരുന്നത്.
Post Your Comments