റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും അക്രമവുമായി മാവോയിസ്റ്റുകൾ. ബിജാപ്പൂർ ജില്ലയിലാണ് മാവോയിസ്റ്റുകളുടെ അക്രമ പരമ്പര അരങ്ങേറിയത്. ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണത്തിനായി എത്തിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ തീയിട്ടു നശിപ്പിച്ചു.
മിംഗാചൽ നദിയുടെ തീരത്താണ് ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മേഖലയിലെത്തിയ മാവോയിസ്റ്റുകൾ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് തൊഴിലാളികളോട് മടങ്ങിപ്പോകാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ മടങ്ങി പോകില്ലെന്ന് ഇവർ തീർത്തു പറഞ്ഞതോടെ മാവോയിസ്റ്റുകൾ തൊഴിലാളികള കയ്യേറ്റം ചെയ്യുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
Read Also: സത്യപ്രതിജ്ഞാ ലംഘനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ
കോൺക്രീറ്റ് മിക്സിംഗ് യന്ത്രം, ട്രാക്റ്റർ, ജെസിബി, എന്നിവയാണ് മാവോയിസ്റ്റുകൾ അഗ്നിക്കിരയാക്കിയത്. സംഭവ ശേഷം അക്രമികൾ വാഹനങ്ങളിൽ കടന്നു കളഞ്ഞതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. 12 ഓളം പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവർ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിജാപ്പൂരിൽ വലിയ അക്രമങ്ങളാണ് മാവോയിസ്റ്റുകൾ നടത്തുന്നത്. കഴിഞ്ഞ ആഴ്ച്ച മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 22 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
Post Your Comments