ചെന്നൈ : ഇൻഷുറന്‍സ് തുക ലഭിക്കാനായി നടക്കാൻ ശേഷിയില്ലാത്ത ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊലപ്പെടുത്തി. ചെന്നെ ഈറോഡ് സ്വദേശി കെ.രംഗരാജ് ആണ് (62) കൊല്ലപ്പെട്ടത്. ചെന്നൈ ഈറോഡ് സ്വദേശിയായ ഇയാൾ ഒരു പവർലൂം യൂണിറ്റ് ഉടമയാണ്. രംഗരാജിന്‍റെ പേരിലുള്ള മൂന്നരക്കോടിയോളം രൂപയുടെ ഇൻഷുറൻസ് തുക നേടുന്നതിനായി ഭാര്യ ജോതിമണി (57) ആണ് ബന്ധുവായ രാജ (41) എന്നയാളുടെ സഹായത്തോടെ ഭർത്താവിനെ ക്രൂരമായി ഇല്ലാതാക്കിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് ഒരു അപകടത്തെ തുടർന്ന് രംഗരാജുവിന് നടക്കാനുള്ള ശേഷി നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാളെ ഒരു വാനിലുള്ളിൽ ഇരുത്തിയ ശേഷം ഭാര്യയും ബന്ധുവും ചേർന്ന് വാൻ പെട്രൊളൊഴിച്ച് കത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇവർ രംഗരാജിനെ കൂട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയത്.
Read Also : സംസ്ഥാനത്തെ 8 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്ന വ്യാജേനയാണ് ഇയാളെ ആശുപത്രിയിൽ നിന്നും കൊണ്ടു വന്നത്. തുടർന്ന് രാത്രി പതിനൊന്നരയോടെ തിരുപ്പൂര്‍ പെരുമാനള്ളൂരിന് സമീപമെത്തിയപ്പോള്‍ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വഴിയിൽ നിർത്തിയിട്ടു. പ്രതികളിലൊരാളായ രാജയാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനു ശേഷം ജോതിമണിയോടൊപ്പം ചേർന്ന് വാഹനത്തിന് തീകൊളുത്തുകയായിരുന്നു.
പിറ്റേന്ന് പുലർച്ചെ രാജ തന്നെയാണ് തീപിടുത്തത്തെക്കുറിച്ച് പൊലീസിൽ വിവരം അറിയിച്ചത്. എന്നാൽ ചോദ്യം ചെയ്യലിൽ രാജയും ജോതിമണിയും പരസ്പര വിരുദ്ധമായി മൊഴി നൽകിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് പൊലീസ് നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments