തിരുവനന്തപുരം: അനില്‍ കെ. ആന്‍റണിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ പ്രചരണത്തെ ചൊല്ലിയുണ്ടായ വിവാദം അടങ്ങുന്നില്ല. കെപിസിസി ഐടി സെല്ലിന് നേതൃത്വം നല്‍കുന്ന അനില്‍ കെ. ആന്‍റണിക്കെതിരെ കഴിഞ്ഞ ദിവസം സൈബര്‍ കോണ്‍ഗ്രസ് എന്ന പേജില്‍ ചില പരാമര്‍ശങ്ങളോടെ പോസ്റ്റ് വന്നിതിന് പിന്നാലെയാണ് ശശി തരൂർ രംഗത്ത് എത്തിയത്. അനില്‍ കെ. ആന്‍റണിയുടെ ഐടി സെല്ലിലെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന പോസ്റ്റ് ചില മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ആഴ്ച എറ്റവും കൂടുതല്‍ റീച്ച് ലഭിച്ച് പേജ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള എന്ന കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പേജിനാണ് എന്ന വിവരമടങ്ങിയ ചിത്രം തരൂര്‍ പങ്കുവച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച അനില്‍ കെ. ആന്‍റണിക്കും സഹപ്രവര്‍ത്തകര്‍ക്കും തരൂര്‍ അഭിനന്ദനം അറിയിച്ചു. തരൂര്‍ പങ്കുവച്ച പോസ്റ്റില്‍ 2.7 എന്‍ഗേജ്‌മെന്‍റോടെയാണ് കോണ്‍ഗ്രസിന്‍റെ പേജ് ഒന്നാമതെത്തിയതായാണ് കാണിച്ചിരിക്കുന്നത്. 1.5 മില്യണോടെ സിപിഎമ്മിന്‍റെ പേജാണ് രണ്ടാമത്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പട്ടികയിലുണ്ട്.
Post Your Comments