തിരുവനന്തപുരം: ശ്രീരാമ നവമി ആശംസകൾ നേർന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. ശ്രീരാമന്റെ ചിത്രത്തോടൊപ്പം എല്ലാവർക്കും ആശംസകൾ എന്ന കുറിപ്പോടെയാണ് അനിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിരവധി പേർ കമന്റുമായി രംഗത്തെത്തി. സമീപകാലത്ത് കോൺഗ്രസിനെതിരെയുള്ളതും ബിജെപിക്കനുകൂലമായതുമായ പ്രസ്താവനകളോടെ വാർത്താ പ്രാധാന്യം നേടിയ വ്യക്തിയാണ് അനിൽ കെ ആന്റണി.
ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ കോൺഗ്രസിന്റെ ഐടി സെൽ സ്ഥാനം രാജിവെക്കേണ്ടി വന്നു. തുടർന്നാണ് അദ്ദേഹം കോൺഗ്രസിന് എതിരായ പരസ്യ നിലപാടുകൾ സ്വീകരിച്ച് തുടങ്ങിയത്. രാഹുൽ ഗാന്ധിക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കുകയും ബിജെപി നേതാക്കളായ എസ് ജയശങ്കർ, സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
സംസ്കാരമില്ലാത്തവരുടെ വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നു വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയം സംബന്ധിയായ ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Post Your Comments