KeralaLatest News

‘നൃത്തത്തെ വർഗീയവൽക്കരിച്ചു ‘- അഡ്വ. കൃഷ്ണരാജിനെതിരെ പരാതി നൽകി സംഘടന

'കൃഷ്ണരാജ് നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി, സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിച്ചു.'

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിക്കും നവീനുമെതിരെ വിദ്വേഷപ്രചരണം നടത്തി എന്നാരോപിച്ച് അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി. അഡ്വ. കൃഷ്ണരാജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ‘കൃഷ്ണരാജ് നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി, സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിച്ചു. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ്’ പരാതിയിലെ ആവശ്യം.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും ദിവസങ്ങള്‍ക്കുമുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്കെതിരെ ഇരുവരുടെയും മതത്തെ പരാമര്‍ശിച്ചാണ് ഇപ്പോൾ വിവാദം. എന്നാൽ കൃഷ്ണരാജിന്റെ എഫ്ബി പോസ്റ്റിന് പിന്നാലെയാണ് വിദ്വേഷപ്രചരണം വ്യാപകമായത് എന്നാണ് പരാതിയിൽ പറയുന്നത്.

‘ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.’ എന്നായിരുന്നു കൃഷ്ണരാജിന്റെ പോസ്റ്റ്.

ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം വലിയ പ്രതികരണമുണ്ടായതോടെ വീണ്ടും ലൗ ജിഹാദ് പരാമര്‍ശവുമായി കൃഷ്ണരാജ് രംഗത്തെത്തി. നവീന്‍ കെ റസാക്ക് എന്ന പേര് റസാഖ് എന്നാക്കി മാറ്റിയായിരുന്നു രണ്ടാമത്തെ പ്രതികരണം. തന്റെ മുന്‍പോസ്റ്റ് ജിഹാദികളുടെ മണ്ടയ്ക്ക് തന്നെ കൊണ്ടെന്നും അതോടെ ജിഹാദി മാധ്യമങ്ങള്‍ ഇളകിയാടിയെന്നും കൃഷ്ണരാജ് പറഞ്ഞു. ആശയവും സന്ദേശവും എത്തേണ്ട സ്ഥലത്ത് തന്നെയെത്തിയെന്നും അതില്‍ താന്‍ ചാരിതാര്‍ത്ഥ്യനായെന്നും കൃഷ്ണരാജ് പ്രതികരിച്ചു.

വിഷയം വിവാദമായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മറ്റൊരു ഡാന്‍സ് വീഡിയോയുമായാണ് നവീനും ജാനകിയും പ്രതികരിച്ചത്. ക്ലബ് എഫ്എം സെറ്റിലായിരുന്നു ഇരുവരും ഡാന്‍സ് ചെയ്തത്. ആറാം തമ്പുരാനിലെ പാടി തൊടിയിലേതോ എന്ന പാട്ടിന്റെ റിമിക്സിനാണ് ഇരുവരും ചുവട് വെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് പത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികളും റാസ്പുട്ടിന്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. കോളേജ് യൂണിയന്റെ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനമെന്നും നൃത്തം ചെയ്യുന്നവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാനെന്നും വീഡിയോയ്ക്കൊപ്പം വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ഇതിനു പിന്നാലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഡാൻസ് ഫെസ്റ്റും സംഘടിപ്പിച്ചിരിക്കുകയാണ്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂടേറിയ ചർച്ച ഇരുവരുടെയും ഡാൻസ് തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button