കോട്ടയം: കഞ്ചാവ് കടത്തുന്നതിന് സാമ്പത്തിക സഹായം നൽകിയ കോട്ടയം സ്വദേശികൾ അറസ്റ്റിൽ. ചങ്ങനാശേരി കടുവാക്കുഴി വീട്ടിൽ അരുൺ കെ എസ്, പരുത്തിക്കുഴി വീട്ടിൽ ഷിബിൻ സിയാദ് എന്നിവരാണ് അറസ്റ്റിലായത്. 2020 മെയ് മാസം ഏറ്റുമാനൂരിന് സമീപത്തു നിന്ന് പാഠപുസ്തകങ്ങൾ കയറ്റിവന്ന ലോറിയിൽ നിന്നും 62.5 കിലോ കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കഞ്ചാവ് വാങ്ങുന്നതിനായി പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തെ ആറു പേരെ എക്‌സൈസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അരുണിന്റെയും ഷിബിൻ സിയാദിന്റെയും പങ്ക് പുറത്തുവരുന്നത്. ലഹരിക്കടത്ത് സംഘത്തിൽ ഇനിയും കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ മേഖലാ എക്‌സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ നൂറുദ്ദീൻ, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ യദു കൃഷ്ണൻ, മിഥുൻ കുമാർ, ഡ്രൈവർ ഉല്ലാസ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments