കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുന്ന ഒരു യുവാവിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തൊഴുകയ്യോടെ പ്രധാനമന്ത്രിയുടെ അടുത്ത് നിൽക്കുന്ന യുവാവിന്റെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ആ യുവാവ് ആരാണെന്ന അന്വേഷണത്തിലായിരുന്നു സൈബർ ലോകം.
കൈകൾ കൂപ്പി പ്രധാനമന്ത്രിയുടെ ചെവിയിൽ എന്തോ പറയുന്ന യുവാവും അദ്ദേഹത്തിന്റെ തോളിൽ കൈവെച്ചിരിക്കുന്ന മോദിയുമാണ് ചിത്രത്തിലുള്ളത്. യുവാവ് മോദിയോട് പറഞ്ഞ വാക്കുകൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ചിത്രം കണ്ട എല്ലാവരും. ഒടുവിൽ ഇതിനെല്ലാം കൃത്യമായ ഉത്തരം ലഭിച്ചിരിക്കുകയാണ്. ചിത്രത്തിലുള്ള യുവാവ് തന്നെയാണ് സംഭവം എന്താണെന്ന് വിശദീകരിക്കുന്നത്.
ദക്ഷിണ കൊൽക്കത്തയിലെ ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് സുൽഫിക്കർ അലിയാണ് ചിത്രത്തിലുള്ള യുവാവ്. ഏറെക്കാലമായി ബിജെപിയിൽ പ്രവർത്തിക്കുന്ന സുൽഫീക്കറിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു നരേന്ദ്ര മോദിയെ കാണണമെന്നത്. എന്നാൽ അദ്ദേഹത്തെ കാണാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും കണ്ടയുടൻ താൻ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയായിരുന്നുവെന്നും സുൽഫീക്കർ പറയുന്നു.
താൻ സല്യൂട്ട് ചെയ്യുന്നത് കണ്ട് അദ്ദേഹം തിരിച്ചും അഭിവാദ്യം ചെയ്തു. തുടർന്ന് അദ്ദേഹം തന്നോട് പേരെന്താണെന്നും തന്റെ ആവശ്യം എന്താണെന്നും ചോദിച്ചു. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടൊ എടുത്താൽ മാത്രം മതിയെന്നാണ് താൻ ആവശ്യപ്പെട്ടത്. ആഗ്രഹപ്രകാരം നിരവധി ചിത്രങ്ങൾ മോദിയോടൊപ്പം എടുത്തുവെന്നും സുൽഫീക്കർ അലി പറഞ്ഞു. നാൽപ്പത് സെക്കന്റ് നേരം മാത്രം നീണ്ടുനിന്ന സംസാരം നാൽപ്പത് വർഷമായാലും മറക്കില്ലെന്നും സുൽഫീക്കർ കൂട്ടിച്ചേർത്തു.
Post Your Comments