കാക്കനാട്: കളമശേരി മുട്ടാര്‍ പുഴയില്‍ വൈഗ എന്ന 13 കാരി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയുടെ പിതാവ് സനു മോഹനു വേണ്ടി പൊലീസ് മഹാരാഷ്ട്ര, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ, വാളയാര്‍ ചെക്‌പോസ്റ്റ് വഴി സനു മോഹന്റെ കാര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചത്.
Read Also : അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം’; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സനു മോഹന്റെ സുഹൃത്തിനെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘം ചെന്നൈയില്‍ ഇപ്പോഴും തുടരുകയാണ്. കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ലഭിച്ച രക്തക്കറ കൊല്ലപ്പെട്ട വൈഗയുടേതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു, തുടര്‍ന്ന് ഇത് ആരുടെതെന്ന് കണ്ടെത്താന്‍ ഡി.എന്‍.എ ടെസ്റ്റിനായി അയച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ഭാര്യയെ ആലപ്പുഴയിലെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സനു മോഹന്‍ മകളുമായി കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിയത്. തൊട്ടടുത്ത ദിവസം മകളുടെ മൃതശരീരം മുട്ടാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഫ്‌ളാറ്റില്‍ രക്തത്തുളളികള്‍ കണ്ടെത്തിയതോടെ കൊലപാതക സാദ്ധ്യതയും പൊലീസ് തളളിക്കളയുന്നില്ല. നേരത്തെ പൂനെയിലായിരുന്ന സനു അവിടെ ചിലരുമായി പണമിടപാട് നടത്തിയിരുന്നു. ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
Post Your Comments