അടൂർ; തിരഞ്ഞെടുപ്പ് ദിവസം വിൽപന നടത്താൻ അനധികൃതമായി സൂക്ഷിച്ചിരുന്ന 38 ലീറ്റർ വിദേശ മദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരിക്കുന്നു. മണ്ണടി ദേശക്കല്ലുംമൂട് സത്യഭവനത്തിൽ ശക്തിയാണ് (35) അറസ്റ്റിൽ ആയിരിക്കുന്നത്. ഇന്നലെ ഏഴംകുളം–ഏനാത്ത് റോഡിൽ നടത്തിയ പരിശോധനയ്ക്കിടെ തട്ടാരുപടി ജംക്‌ഷനു സമീപത്ത് പിണക്കാട്ടുപടിയിൽ വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
ഓട്ടോറിക്ഷയിൽ നിന്ന് 8 ലീറ്റർ മദ്യം കണ്ടെടുക്കുകയുണ്ടായി. പിന്നീട് ചോദ്യം ചെയ്യലിലാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലീറ്റർ മദ്യം കൂടി കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഒരു ലീറ്റർ മദ്യത്തിന് 1750 രൂപയ്ക്കാണ് വിറ്റതെന്ന് എക്സൈസ് സംഘം പറഞ്ഞു. അടൂർ, കൊടുമൺ എന്നിവിടങ്ങളിലെ ബവ്റിജസ് ഷോപ്പിൽ നിന്ന് ഒരു ലീറ്റർ മദ്യത്തിന് 60 രൂപ അധികത്തിൽ നൽകിയാണ് ഇത്രയും മദ്യം വാങ്ങി ഇന്നലെ വിൽപന നടത്താനായി ശേഖരിച്ചിരുന്നത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ ഒ. പ്രസാദ്, പ്രിവന്റീവ് ഓഫിസർമാരായ എ. ഹരികുമാർ, ഹരീഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് വിമൽ, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post Your Comments