കൊച്ചി: സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൊഴി പൂര്‍ണമായി വെളിപ്പെടുത്താനാകില്ലെന്നും മുദ്രവെച്ച കവറില്‍ കൈമാറാമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചെന്ന സന്ദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിനെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി റാവല്‍ ഇക്കാര്യം അറിയിച്ചത്.
Read Also : മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ വെട്ടിമാറ്റിയതലയും നാടന്‍ ബോംബും പിടികൂടി
ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ പ്രസക്തമല്ലാത്ത രേഖകള്‍ ഇ.ഡി നല്‍കിയതിനു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇ.ഡിക്കെതിരായ കേസിനു പിന്നില്‍ ഗൂഡലക്ഷ്യങ്ങളില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണം, കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്കെതിരെ തെളിവുണ്ടാക്കാനോ കേസിലേക്കു വലിച്ചിഴക്കാനോ ഉള്ള ലൈസന്‍സല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ്. ഇത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിനെ ബാധിക്കില്ല. ഇ.ഡിക്കെതിരായ ആരോപണം ശരിയാണെങ്കില്‍ അത് അതീവ ഗുരുതരമാണെന്നും രാജ്യത്തെ ഒരു പൗരനും സുരക്ഷിതനല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments