കണ്ണൂരിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് അക്രമം വ്യാപിക്കുന്നു. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പെരിങ്ങത്തൂരില്‍ സി.പി.എം ഓഫിസുകള്‍ തകര്‍ത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ കത്തിച്ചു.
മൻസൂറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ സാധനങ്ങള്‍ക്കാണ് അക്രമികള്‍ തീയിട്ടത്. ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു. സി.പി.എം അനുഭാവികളുടെ മൂന്ന് കടകള്‍ അടിച്ചു തകര്‍കുകയും ചെയ്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍പീടികയില്‍ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂര്‍ മരിച്ചത്. വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്സിന് ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. പുലര്‍ച്ചെയോടെയാണ് മൻസൂർ മരണപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്നാണ് ലീഗിന്റെ ആരോപണം.
Post Your Comments