മുംബൈ: മുകേഷ് അംബാനിക്കെതിരെയുള്ള ബോംബ് ഭീഷണിക്കേസില്‍ മീന ജോര്‍ജ് എന്ന യുവതിയെ ചോദ്യം ചെയ്യുന്നതു തുടരുന്ന എന്‍ഐഎ, ഇവരുടെ പേരിലുള്ള ആഡംബര ബൈക്ക് പിടിച്ചെടുത്തു. അതേസമയം ഞെട്ടിക്കുന്ന ഒരു കാര്യം ഇവര്‍ മലയാളിയാണെന്ന അഭ്യൂഹമാണ്. എന്നാലും ഇതിന് സ്ഥിരീകരണമില്ല. കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുമായി മീനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇരുവരും ചേര്‍ന്നു കള്ളപ്പണ ഇടപാടുകള്‍ നടത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വാസെയുടെ കാറിലുണ്ടായിരുന്ന നോട്ടെണ്ണല്‍ യന്ത്രം യുവതിയുടേതാണെന്നാണു വിവരം.
ബോംബ് ഭീഷണിക്കേസില്‍ യുവതിക്കും മുഖ്യപങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അംബാനിയുടെ വസതിക്കു മുന്നില്‍ സ്ഫോടക വസ്തുക്കളടങ്ങിയ കാര്‍ ഉപേക്ഷിക്കുന്നതിനു മുന്‍പു വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ മീന എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
ദക്ഷിണ മുംബൈയില്‍ വാസെ പതിവായി താമസിച്ചിരുന്ന ഹോട്ടലില്‍ യുവതി വന്നുപോകുന്നതിന്റെയും കാറില്‍ ഒരുമിച്ചു യാത്ര ചെയ്യുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കണ്ടെടുത്തത്.
അതേസമയം ബാറുകളില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടെന്ന വിവാദത്തില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ഉത്തരവിട്ടതിനു തൊട്ടു പിന്നാലെ, മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു. മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ആണു ഹൈക്കോടതിയെ സമീപിച്ചത്.’ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ആഭ്യന്തര മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട അസാധാരണ കേസാണിത്. കണ്ടില്ലെന്നു നടിക്കാനാകില്ല,’ കോടതി ചൂണ്ടിക്കാട്ടി.
15 ദിവസത്തിനകം സിബിഐ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണം. തുടരന്വേഷണം ആവശ്യമെങ്കില്‍ മുന്നോട്ടു പോകാം. എന്നായിരുന്നു കോടതിയുടെ അഭിപ്രായം. ദേശ്മുഖ് ആഭ്യന്തര മന്ത്രിയായി തുടരുമ്പോള്‍ പൊലീസ് അന്വേഷണം ഉചിതമല്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സിബിഐ ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ഇഹ്‌റിനിടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വാസെ 100 ദിവസത്തിലേറെ താമസിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരിക്കെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവു നടത്തിയിരുന്നത് ഹോട്ടല്‍ കേന്ദ്രീകരിച്ചാണെന്നാണു വിവരം. വ്യാജ തിരിച്ചറിയല്‍ രേഖ നല്‍കിയാണു സച്ചിൻ വാസേ ഹോട്ടലില്‍ താമസിച്ചിരുന്നത്.
താമസച്ചെലവായ 12 ലക്ഷത്തിലേറെ രൂപ ജ്വല്ലറി ഉടമയാണ് അടച്ചത്. വാസെയ്ക്കും സംഘത്തിനും സിം കാര്‍ഡുകള്‍ ഗുജറാത്തില്‍ നിന്നു സംഘടിപ്പിച്ചതിന് ദക്ഷിണ മുംബൈയിലെ സോഷ്യല്‍ ക്ലബിന്റെ ഉടമയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. മലയാളിയായ യുവതിയും എൻഐഎ കസ്റ്റഡിയിലാണെന്നാണ് സൂചന.
Post Your Comments