കൊച്ചി: പതിമൂന്നുകാരി വൈഗയെ പിതാവ് സനു അപായപ്പെടുത്തിയതാണെന്നാണ് പൊലീസും ബന്ധുക്കളും ഇപ്പോള്‍ സംശയിക്കുന്നത്. അതേസമയം, സനു മോഹന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ മഹാരാഷ്ട്രാ ക്രൈംബ്രാഞ്ച് പുറത്തു വിട്ടു. സനുമോഹന്റെ അമ്മാവന്റെ മക്കളുടെ പൂനെയിലുള്ള കടയില്‍ വലിയ സാമ്പത്തിക തിരിമറി നടത്തിയിരുന്നതായുള്ള വിവരമാണ് ക്രൈംബ്രാഞ്ച് സംഘം പുറത്തുവിട്ടത്.
Read Also : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണന്റെ ഭാര്യയെയും കുടുംബത്തേയും മോശമായി ചിത്രീകരിച്ച് ലഘുലേഖകള്‍
ഏറെ നാളായി സനുമോഹന്‍ പൂനെയിലെ ബന്ധുവിന്റെ ലോഹ ഉരുപ്പടികള്‍ വില്‍ക്കുന്ന സ്ഥാപനത്തിലായിരുന്നു. സ്ഥാപനത്തിലെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏല്‍പ്പിച്ച് പലപ്പോഴും ബന്ധു ബിസിനസ് ആവശ്യങ്ങള്‍ക്കായി പുറത്തു പോകുമ്പോഴായിരുന്നു പണം ഇയാള്‍ കൈക്കലാക്കിയിരുന്നത്. നല്ല കച്ചവടമുള്ളപ്പോഴും മേശയില്‍ പണം കുറവാണെന്ന് കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് സനു ഇവിടെ നിന്നും പണം മോഷ്ടിച്ചെടുക്കുന്ന വിവരം ഇവര്‍ അറിയുന്നത്. ഇതോടെ ബന്ധു സനുവിന് താക്കീത് നല്‍കി.
കള്ളം പിടിക്കപ്പെട്ടതോടെ സനു മോഹന്‍ ഇവിടെ നിന്നും മാറി സ്വന്തമായി ലോഹ ഉരുപ്പടികള്‍ വില്‍ക്കുന്ന ശ്രീ സായി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം തുടങ്ങുകയായിരുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇവിടെ നിന്നും ലക്ഷങ്ങള്‍ ഇയാള്‍ കളവ് നടത്തിയെന്നും കളവ് നടത്തിയ തുക ഉപയോഗിച്ചാണ് ശ്രീ സായി എന്റര്‍പ്രൈസസ് തുടങ്ങിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ സനുമോഹന്റെ കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത് വരികയാണ്.
സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായി ഒളിവില്‍ പോയതിനാല്‍ ആരും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പ് കഥകള്‍ പുറത്ത് വന്നതോടുകൂടി കൂടുതല്‍ പേര്‍ പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിക്കുകയാണ്. ഫ്‌ളാറ്റ് വാങ്ങാനാണ് എന്ന് പറഞ്ഞ് പലരില്‍ നിന്നും പണം കടംവാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ 11.5 കോടി രൂപ എന്ത് ചെയ്തു എന്ന് ഇതുവരെയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൂനെയിലെ ബന്ധുക്കളെ കേന്ദ്രീകരിച്ചും ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ സ്വന്തം സഹോദരനെ പലവട്ടം പൂനെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.
കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍നിന്നു സനു മോഹനും മകള്‍ വൈഗയും അപ്രത്യക്ഷരാകുന്നത് കഴിഞ്ഞമാസം 21 നാണ്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങുന്നത്. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടില്‍ ആക്കിയ ശേഷം സനു മോഹനും മകള്‍ വൈഗയും കാക്കനാട്ടേക്കു മടങ്ങുകയായിരുന്നു. 21 ന് രാത്രി ഒന്‍പതരയോടെ വൈഗയെ, പുതപ്പില്‍ പൊതിഞ്ഞു ചുമലിലിട്ടു സനു മോഹന്‍ കൊണ്ടുപോകുന്നതു കണ്ടവരുണ്ട്. പിറ്റേന്ന്, മുട്ടാര്‍ പുഴയില്‍നിന്നു വൈഗയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍നിന്നു ലഭിച്ച രക്തക്കറയുള്‍പ്പെടെയുള്ള തെളിവുകള്‍ കേസിനെ സങ്കീര്‍ണമാക്കുന്നു. മനുഷ്യരക്തമാണെന്നു തിരിച്ചറിഞ്ഞുവെങ്കിലും ആരുടേതാണെന്നു വ്യക്തമല്ല.
വൈഗയുടേതു മുങ്ങിമരണമാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ, കൂടുതല്‍ വ്യക്തതയുണ്ടാകൂ. വൈഗയുടേത് അപകട മരണമാണോ, സനു മോഹന്‍ ഉള്‍പ്പെടെ മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. വൈഗയെ പിതാവ് സനുതന്നെ അപായപ്പെടുത്തിയതാകാമെന്ന ബലമായ സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. വൈഗയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തുന്നതിനു തലേന്നാള്‍ ഫ്‌ളാറ്റില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണു പൊലീസ്.
Post Your Comments