
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ മുന്നറിയിപ്പും, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ധനയും കണക്കിലെടുത്താണ് നടപടി. പകരം ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെ പ്രചാരണം നടത്താനും അനുമതി നല്‍കി.
തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂര്‍മുമ്പേ ഉച്ചഭാഷിണികള്‍ നിരോധിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളുടെ ഉപയോഗവും പാടില്ല. ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. സ്ഥാനാര്‍ത്ഥിക്ക് ഒരുവാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരുവാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ, ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. എന്നിങ്ങനെയാണ് നിബന്ധനകൾ.
Post Your Comments