
വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ ബൈഡന് ഭരണകൂടത്തിന്റെ ആദ്യ മനുഷ്യാവകാശ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഗുരുതര മനുഷ്യാവകാശ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി ഡസനിലേറെ മനുഷ്യാവകാശ ലംഘനങ്ങളാണ് യു.എസ് കോണ്ഗ്രസിലേക്കായി വിദേശകാര്യ വകുപ്പ് തയാറാക്കിയ ‘രാജ്യങ്ങളുടെ മനുഷ്യാവകാശ പ്രവൃത്തികള്‍ 2020’ എന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ജമ്മു-കശ്മീരിലെ സ്ഥിതി റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നു. കശ്മീരില്‍ സാധാരണ നില തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം, ചില പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ കൊലപാതകങ്ങളും അറസ്റ്റും അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളും തുടരുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കശ്മീരില്‍ സുരക്ഷക്കും ആശയവിനിമയ മാധ്യമങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ സാവധാനം നീക്കിത്തുടങ്ങിയിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ തടവുകാരെ ഇതിനകം മോചിപ്പിച്ചു. ഇന്റര്‍നെറ്റ് സൗകര്യം ഭാഗികമായി പുനഃസ്ഥാപിച്ചു.
Read Also: രാധ വധക്കേസ്: ജീവപര്യന്തം തടവിന് വിധിച്ച പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
അതേസമയം, 4ജി സൗകര്യങ്ങള്‍ കശ്മീരിലെ മിക്ക ഭാഗങ്ങളിലും ലഭ്യമല്ല. നിയമസഭ തെരഞ്ഞെടുപ്പ് നടത്താനായി മണ്ഡലങ്ങളുടെ രൂപവത്കരണം ആരംഭിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണത്തിന്റെ എല്ലാ മേഖലകളേയും അഴിമതി ഗ്രസിച്ചതായി പറയുന്ന റിപ്പോര്‍ട്ട് രാഷ്ട്രീയ പങ്കാളിത്തങ്ങള്‍ക്കും എന്‍.ജി.ഒകള്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിക്കുന്നു. സ്തീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അന്വേഷണം നടക്കുന്നില്ല. മത സ്വാതന്ത്ര്യം ലംഘിക്കുന്നതിനോട് സര്‍ക്കാര്‍ സഹിഷ്ണുത പുലര്‍ത്തുന്നു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും അതിക്രമങ്ങളും വര്‍ധിക്കുകയാണ്. നിര്‍ബന്ധ ബാലവേല, അടിമവേല എന്നിവ നടക്കുന്നുണ്ടെന്നും യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Post Your Comments