വയനാട്: ‘എനിക്ക് മനസിലാക്കാനാവും, നിങ്ങള്‍ എത്രമാത്രം തകര്‍ന്നിരിക്കുകയാണെന്ന് , നിങ്ങളുടെ വേദന താങ്ങാനാവാത്തതാണ്, ഞാനെന്തുപറഞ്ഞാണ് നിങ്ങളെ സമാധാനിപ്പിക്കുക’, ആശുപത്രിയിലെ മോര്‍ച്ചറിക്കു പുറത്ത് മനസു തകര്‍ന്നിരിക്കുന്ന ആ പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാനന്തവാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ജയലക്ഷ്മിക്ക് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍.
ബുധനാഴ്ച വൈകിട്ട് തലപ്പുഴ ടൗണിനരികെ പുഴയില്‍ മുങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദിന്റെ പിതാവ് സദാനന്ദനെയാണ് ആശുപത്രിയിലെത്തി രാഹുല്‍ സാന്ത്വനിപ്പിച്ചത്. തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതകെട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ് (15) തലപ്പുഴ കമ്പി പാലം നല്ല കണ്ടി മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് ബുധനാഴ്ച ഉച്ചക്ക് മുങ്ങി മരിച്ചത്. പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങിയതിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വ്യാഴാഴ്ച മാനന്തവാടിയിലെത്തിയ രാഹുല്‍ ആശുപത്രിയിലെത്തി ഇരുവിദ്യാര്‍ഥികളുടെയും പിതാക്കന്മാരെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. രാഹുലിന്റെ സമാശ്വാസ വാക്കുകള്‍ക്കിടയിലും സദാനന്ദന്റെ വാക്കുകള്‍ പലപ്പോഴും തൊണ്ടയില്‍ കുരുങ്ങി. മകനെക്കുറിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണീരോടെയായിരുന്നു പിതാവിന്റെ മറുപടി.
Post Your Comments