തിരുവനന്തപുരം: ത്രികോണ മത്സരത്തിനൊരുങ്ങി നേമം നിയോജക മണ്ഡലം. നേമത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എന്‍ ഡി എ ആയിരുന്നു മുഖ്യ എതിരാളി. അതിനപ്പുറം മറ്റ് അത്ഭുതങ്ങളൊന്നും നേമത്ത് സംഭവിച്ചിട്ടില്ല. മുരളീധരന്‍ മത്സരിക്കാന്‍ വന്നത് എല്‍ഡിഎഫിന് നേട്ടമാണോ കോട്ടമാണോയെന്ന് പറയുന്നില്ല. മുരളീധരന്‍ മത്സരിക്കാന്‍ വന്നതോട് കൂടി നേമത്ത് യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍ എത്രയുണ്ടെന്ന് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.
എന്നാൽ കുമ്മനം നേമത്തെ ഗുജറാത്തെന്ന് വിശേഷിപ്പിച്ചത് വികസന പ്രവര്‍ത്തനങ്ങളുടെ പേരിലല്ല. ഗുജറാത്തില്‍ കലാപം നടന്നതു പോലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആധിപത്യം സ്ഥാപിക്കുന്ന ഒരു പ്രസ്ഥാനമായി ബി ജെ പി മാറുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി നേമത്ത് വികസനമൊന്നും നടന്നിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ളില്‍ 140ആം സ്ഥാനത്താണ് നേമമെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. വോട്ട് ചോദിച്ച് അഞ്ച് വര്‍ഷം മുമ്പ് കണ്ടതല്ലാതെ നേമത്തെ ജനങ്ങള്‍ പിന്നീട് രാജഗോപാലിനെ കണ്ടിട്ടില്ല. രാജഗോപാല്‍ നേമത്ത് കൊണ്ടുവന്നത് അദൃശ്യമായ കേന്ദ്ര പദ്ധതികളാണ്. പറച്ചില്‍ അല്ലാതെ ഒന്നും നടന്നിട്ടില്ല. ബിജെപിയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒരു സീറ്റും കിട്ടാന്‍ പോകുന്നില്ല. ഇടതു മുന്നണി തൂത്തുവാരും. അടുക്കളയിലെ വീട്ടമ്മമാര്‍ എല്‍ ഡി എഫിനൊപ്പമാണെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നാട്ടുകാരുടെ അടുത്ത് ഏശില്ല. താന്‍ തട്ടിപ്പ് കേസിലെ പ്രതിയല്ലെന്ന് കുമ്മനം മനസിലാക്കണം. ആരെയെങ്കിലും പറ്റിച്ചതിന്റെ പേരില്‍ തന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ നടത്തിയിട്ടുളള സമരപോരാട്ടങ്ങളുടെ പേരിലാണ് കേസ്. നിയമസഭയില്‍ ബഡ്ജറ്റ് ദിവസമുണ്ടായ സംവഭ വികാസങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ ഉണ്ടായതാണ്. വോട്ടര്‍മാര്‍ക്കിടയില്‍ അതൊന്നും പ്രശ്നമല്ല. സര്‍വേകളെ അനുകൂലിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. ജനങ്ങള്‍ക്ക് അതൊക്കെ കാണാന്‍ ഇഷ്ടമാണ്, അവര്‍ വിലയിരുത്തട്ടെ. ശബരിമല സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലം തിരിച്ചുടിക്കാന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് ബി ജെ പിയുമായി ഒരു ഡീലുമില്ല. യു ഡി എഫ് ഡീലുണ്ടാക്കിയാലും അതിനെയൊക്കെ അതിജീവിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ശിവന്‍കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Post Your Comments