യാങ്കൂണ്‍ : മ്യാന്മാറിലെ ജനാധിപത്യ പ്രക്ഷോഭത്തിന് നേരെ പട്ടാള ക്രൂരത തുടരുന്നു. മ്യാന്മറില്‍ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്‌കാര ചടങ്ങിനു നേരെയും പട്ടാളം വെടിയുതിര്‍ത്തു. ശനിയാഴ്ച പട്ടാളം വെടിവെച്ചി 114 പേരില്‍ ഒരാളുടെ സംസ്‌ക്കാരം നടക്കവെയാണ് പട്ടാളം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാഗോ പട്ടണത്തില്‍ സംസ്‌ക്കാരം നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്.
Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരോട് ക്ഷുഭിതയായി നുസ്രത് ജഹാൻ ; വീഡിയോ വൈറൽ
എന്നാല്‍ പട്ടാളഭീകരതയെ ഭയക്കാതെ ജനം ഇന്നലെയും വന്‍പ്രതിഷേധവുമായി തെരുവിലിറങ്ങി. തലസ്ഥാന നഗരമായ നയ്പിഡോയില്‍ പട്ടാള വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പട്ടാളഭരണത്തിനെതിരെ പോരാടുന്ന വംശീയന്യൂനപക്ഷമായ കാരെന്‍ വംശജരുടെ ഗ്രാമമായ ഹപകാന്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തായ് അതിര്‍ത്തിയില്‍ വനത്തില്‍ കച്ചിന്‍ സ്വാതന്ത്ര്യസേനയും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച കൊല്ലപ്പെട്ട 114 പേരില്‍ ആറ് കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഇതോടെ ജനാധിപത്യ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 440 കടന്നു.
Post Your Comments