തിരുവനന്തപുരം: കനത്ത ചൂടില്‍ നിന്ന് കോഴികള്‍ക്കും രക്ഷയില്ല. 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കോഴികള്‍ക്ക് അനുയോജ്യമായ താപനില. എന്നാല്‍ 30 മുതല്‍ 34 വരെയാണ് ഇപ്പോള്‍ സംസ്ഥാനത്തെ താപനില . നേരിയ അധിക ചൂട് പോലും കോഴിയുടെ ആരോഗ്യത്തെയും മുട്ട ഉത്പ്പാദനത്തെയും സാരമായി ബാധിക്കും. ചൂട് കൂടിയതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കര്‍ഷകരെയും ദുരിതത്തിലാക്കുന്നു.
വേനല്‍ക്കാലത്ത് ശരിയായ പരിചരണം നല്‍കണം എന്നും വേനല്‍ രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ക്രമാതീതമായി ഉയരുന്ന ചൂടിന് മുന്നില്‍ കോഴി കര്‍ഷകരും പകച്ചു നില്‍ക്കുകയാണ്.
വേനല്‍ക്കാല രോഗങ്ങളായ കോഴിവസന്ത, കോഴി വസൂരി, കണ്ണില്‍ ബാധിക്കുന്ന അസുഖം എന്നിവയും വ്യാപകമായിട്ടുണ്ട്. മുട്ടക്കോഴികളെക്കാള്‍ ബ്രോയിലര്‍ ഇറച്ചി കോഴികളെയാണ് ചൂട് സാരമായി ബാധിച്ചിരിക്കുന്നത്.
കരുതല്‍ ഒരുക്കാം :-
ശുദ്ധമായ വെള്ളം നല്‍കുക, കൂട്ടിലടച്ച് ഇടാതിരിക്കുക, തണല്‍ കൂടുതലുള്ള ഭാഗങ്ങളില്‍ വളര്‍ത്തുക, തുളസി, മഞ്ഞള്‍, പനിക്കൂര്‍ക്ക എന്നിവ അടങ്ങിയ വെള്ളം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം നല്‍കുക.
പച്ചിലകള്‍, ജലാംശം കൂടുതലുള്ള ഭക്ഷണം എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം.
കോഴിത്തീറ്റ പൂപ്പല്‍ കയറാതെ സൂക്ഷിക്കണം.
തീറ്റ ചെറുതായി നനച്ച് നല്‍കാം രാവിലെയോ വൈകിട്ടോ രാത്രിയിലോ തവണകളായി നല്‍കുക.
തീറ്റ പാത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.
ലക്ഷണങ്ങള്‍
കൂടുകളില്‍ അടച്ചിട്ട വളര്‍ത്തുന്ന കോഴികളാണ് ഉഷ്ണ സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുക. ഉറക്കം തൂങ്ങി നില്‍ക്കുക, പെട്ടെന്ന് തീറ്റമടുപ്പ്, ധാരാളം വെള്ളം കുടിക്കല്‍, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, വായ തുറന്നു പിടിച്ചുള്ള ശ്വാസം എടുപ്പ് തുടങ്ങിയവ പതിവില്‍ വിപരീതമായ ലക്ഷണങ്ങളാണ്.
Post Your Comments