KeralaLatest NewsNews

തൃശൂര്‍ ജില്ലയില്‍ മുന്‍കരുതലുമായി സി.പി.എം, ഒമ്പത് മണ്ഡലങ്ങളില്‍ അട്ടിമറി ഉണ്ടാകുമെന്ന് സൂചന

 

തൃശൂര്‍: സി.പി.എമ്മിനെ സംബന്ധിച്ച് തൃശൂര്‍ ജില്ല സേഫ് സോണ്‍ ആയിരുന്നുവെങ്കില്‍ ഇത്തവണ നേരെ തിരിച്ചാണ്. ജില്ലയിലെ 9 മണ്ഡലങ്ങളില്‍ അട്ടിമറി നടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. 2016 ല്‍ ഒന്നൊഴികെ 12 ഉം ഇടതുമുന്നണി തൂത്തുവാരിയ ചരിത്രമാണ് തൃശൂര്‍ ജില്ലയ്ക്കുള്ളത്. എന്നാല്‍ ജില്ലയിലെ പല മണ്ഡലങ്ങളിലും ഇത്തവണ അട്ടിമറി നടക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വേ ഫലങ്ങള്‍ക്ക് പിന്നാലെ മുന്നണികള്‍ നടത്തിയ കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഉറച്ചതെന്ന് കരുതിയ പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടായേക്കുമെന്ന് കരുതുന്നത്. അതുകൊണ്ടുതന്നെ ജില്ല നേതൃത്വം മണ്ഡലം കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും മുന്നറിയിപ്പും നല്‍കി.

Read Also : ഇഡിക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു ; ഇത്തവണ പരാതി മറ്റൊന്ന്

ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, ഒല്ലൂര്‍, ഇരിങ്ങാലക്കുട, തൃശൂര്‍, കയ്പമംഗലം, ചാലക്കുടി, വടക്കാഞ്ചേരി മണ്ഡലങ്ങളിലാണ് അട്ടിമറി പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്ന് മണ്ഡലങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് 2016 ല്‍ പിടിച്ചെടുത്തതാണ് ഇടതുമുന്നണി. വടക്കാഞ്ചേരിയാവട്ടെ 43 വോട്ടിനാണ് തുടരാനായത്.

ഇടതുകോട്ടയാക്കി മാറ്റിയ ശേഷം മുന്‍ മന്ത്രി കെ. രാധാകൃഷ്ണനും, ജില്ല പഞ്ചായത്ത് മുന്‍ അംഗം സി.സി. ശ്രീകുമാറും മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. ഇവിടെ ഭൂരിപക്ഷത്തെകുറിച്ച് മാത്രമേ ചിന്തിക്കേണ്ടതുള്ളൂ എന്നാണ് സി.പി.എം നേതൃത്വം പറയുന്നതെങ്കിലും സി.സി. ശ്രീകുമാറിന്റെ വ്യക്തി മികവും ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ യു.ഡി.എഫ് നേട്ടവുമാണ് ഇവിടെ ഇടതുമുന്നണിയുടെ ജാഗ്രതക്ക് കാരണം.

മുന്‍ എം.എല്‍.എ ബാബു പാലിശേരിയിലൂടെ ഉരുക്കുകോട്ടയാക്കി മന്ത്രി എ.സി. മൊയ്തീന്‍ വീണ്ടും മത്സരിക്കുന്ന കുന്നംകുളത്ത് ജില്ല പഞ്ചായത്ത് മുന്‍ അംഗം കെ. ജയശങ്കറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സംഘാടന മികവും ജനങ്ങളുമായുള്ള ജയശങ്കറിന്റെ ആഴത്തിലുള്ള ബന്ധവും കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ കാര്യമല്ലാത്തതുമാണ് ഇവിടെ യു.ഡി.എഫിന്റെ പ്രതീക്ഷ.

അബ്ദുള്‍ഖാദറിലൂടെ ചുവപ്പ് കോട്ടയായി മാറിയ ഗുരുവായൂരില്‍ ഇടതുമുന്നണിക്ക് വേണ്ടി ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍.കെ. അക്ബറും ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എന്‍.എ ഖാദറുമാണ് മത്സരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിലൂടെ രാഷ്ട്രീയ വിവാദമുയരുന്ന മണ്ഡലമാണ് ഗുരുവായൂര്‍.

ഒല്ലൂരില്‍ ചീഫ് വിപ്പ് കെ. രാജനിലൂടെ കൂടുതല്‍ ചുവപ്പിക്കാന്‍ ഇടതുമുന്നണിയും പിടിച്ചെടുക്കാന്‍ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരിലൂടെ യു.ഡി.എഫും ശ്രമിക്കുന്നു. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ ആണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള ഒല്ലൂരില്‍ കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ വിജയം അട്ടിമറിയായിരുന്നു.

2016 ല്‍ ആഞ്ഞടിച്ച ഇടത് കാറ്റിനൊപ്പം കൂടിയതാണ് ഇരിങ്ങാലക്കുട. കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലും കോര്‍പറേഷന്‍ മുന്‍ മേയറുമായ ആര്‍. ബിന്ദുവിലൂടെ കൂടുതലുറപ്പിക്കാന്‍ ഇടതുമുന്നണിയും കഴിഞ്ഞ തവണ കൈവിട്ടത് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫിന്റെ തോമസ് ഉണ്ണിയാടനും പോരടിക്കുന്നതിനൊപ്പം എന്‍.ഡി.എക്ക് വേണ്ടി മുന്‍ ഡി.ജി.പി ജേക്കബ് തോമസും മത്സരിക്കുന്നു. ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം ശക്തമായ ത്രികോണമത്സരം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മുന്നണികള്‍ വിലയിരുത്തുന്നത്. ഇത് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നുമുണ്ട്.

തേറമ്പില്‍ രാമകൃഷ്ണനിലൂടെ യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയായി മാറിയ തൃശൂരിനെ 2016 ല്‍ പത്മജയെ പരാജയപ്പെടുത്തി മന്ത്രി വി.എസ്. സുനില്‍ കുമാറാണ് ഇടതുപക്ഷത്തേക്കാക്കിയത്. 2019 ല്‍ സുരേഷ്‌ഗോപിയുടെ രംഗപ്രവേശത്തിലൂടെ താരമണ്ഡലമായി മാറിയ തൃശൂരിനെ ഉറപ്പിച്ച് നിറുത്താന്‍, ഇടതുമുന്നണിക്ക് വേണ്ടി പി. ബാലചന്ദ്രനും യു.ഡി.എഫിന് വേണ്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ പത്മജ വേണുഗോപാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ നടന്‍ സുരേഷ്‌ഗോപിയും മത്സരിക്കുന്നു. യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ സുരേഷ്‌ഗോപിയുടെ സാന്നിധ്യമാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. ഇവിടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയ ഇടതുമുന്നണിക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

ടി.എന്‍. പ്രതാപന്‍ വിജയിച്ചിരുന്ന കയ്പമംഗലം മണ്ഡലം ജില്ല പഞ്ചായത്തംഗമായിരുന്ന ഇ.ടി. ടൈസണെ മത്സരിപ്പിച്ചാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. മണ്ഡലം നിലനിറുത്താന്‍ ടൈസണെ തന്നെയാണ് ഇത്തവണയും ഇടതുമുന്നണി മത്സരിപ്പിക്കുന്നത്. ആര്‍.എസ്.പിയില്‍നിന്നും കോണ്‍ഗ്രസ് തിരിച്ചെടുത്ത സീറ്റില്‍ യുവ പോരാളി ശോഭാ സുബിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്.

സി.പി.എം നേതാവ് ബി.ഡി. ദേവസിയിലൂടെ ചെങ്കോട്ടയാക്കിയ ചാലക്കുടിയില്‍ ഇടതുമുന്നണിയുടെ കേരള കോണ്‍ഗ്രസ് എം ആണ് മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍നിന്നും രാജിവെച്ചെത്തിയ ഡെന്നീസ് ആന്റണിയാണ് ഇടത് സ്ഥാനാര്‍ത്ഥി. ജില്ല പഞ്ചായത്ത് മുന്‍ അംഗം സനീഷ് ജോസഫ് ആണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പ്രദേശവാസിയാണ് ഡെന്നീസ് ജോസഫ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും മാറിയെത്തിയ മാറിയെത്തിയ ഡെന്നിസിനെ സി പി എം സ്ഥാനാര്‍ത്ഥിയാക്കിയത് പ്രധാന രാഷ്ട്രീയ ചര്‍ച്ചയാണ്.

ദേശീയ, സംസ്ഥാന രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന വടക്കാഞ്ചേരിയില്‍ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ല്‍ അനില്‍ അക്കരയുടെ വിജയം. സീറ്റ് നിലനിറുത്തേണ്ട ഉത്തരവാദിത്വം അനിലിനുണ്ട്. എന്നാല്‍ യുവമുഖവും ഏറെ സ്വാധീനവുമുള്ള സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് ഇടത് സ്ഥാനാര്‍ത്ഥി. മണ്ഡലം പിടിച്ചെടുക്കേണ്ടത് സി.പി.എമ്മിന് അനിവാര്യമാണ്. ഇരു കൂട്ടരും മണ്ഡലം പിടിക്കാന്‍ അരയും തലയും മുറുക്കി തന്ത്രങ്ങളിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button