ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏറ്റവും വലിയ പ്രതിദിന കൊറോണ വൈറസ് രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. 62,258 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലത്തേതിനെക്കാൾ 5.3 ശതമാനം കൂടുതലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 291 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ ആകെ മരണനിരക്ക് 1,61,240 ആയി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1.19 കോടിയായി. കഴിഞ്ഞ വർഷം ജനുവരി 30നാണ് രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1.12 കോടിയായി. ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്‌ട്രയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഞായറാഴ്‌ച മുതൽ ഇത് നിലവിൽ വരുന്നതാണ്. ഷോപ്പിംഗ് മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടഞ്ഞുകിടക്കും. ഒരു ദിവസം കൊണ്ട് മുംബയ് നഗരത്തിൽ മാത്രം 5500 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്ര സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത് 37,000 പുതിയ കേസുകളാണ്.
മഹാരാഷ്‌ട്രയ്‌ക്ക് പിന്നാലെ ആകെ രോഗികളുടെ എണ്ണത്തിൽ മുന്നിലുളളത് കേരളമാണ്. ഒപ്പം കർണാടക, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമുണ്ട്. കർണാടകത്തിൽ 2566,കേരളത്തിൽ 1825, ഛത്തീസ്ഗഡിൽ 2665 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രാജ്യത്ത് ആകെ വാക്‌സിൻ കുത്തിവയ്‌പ്പ് എടുത്തവരുടെ എണ്ണം 5.81 കോടിയായി.രാജ്യത്തെ വാക്‌സിനേഷൻ പ്രക്രിയ കൂടുതൽ വികസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു. ഇതിന്റെ ഭാഗമായി 45 വയസിന് മുകളിലുളളവർക്ക് കൊവിഡ് വാക്‌സിൻ ഏപ്രിൽ ഒന്ന് മുതൽ നൽകിത്തുടങ്ങും. രാജ്യം ഇതുവരെ വാക്‌സിനേഷൻ നടത്തിയതിനെക്കാൾ കൂടുതൽ ഡോസ് വാക്‌സിൻ കയറ്റുമതി ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭയെ ഇന്ത്യ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിയിരിക്കുകയാണ്.
Post Your Comments