KeralaLatest NewsNews

സംസ്ഥാനത്ത്  തപാല്‍ വോട്ടെടുപ്പ്  ഇന്ന് ആരംഭിക്കും ; പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 വയസ്സു കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വോട്ടെടുപ്പ്. പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. അപേക്ഷകരെ മുന്‍കൂട്ടി അറിയിച്ചത് അനുസരിച്ച് സൂക്ഷ്മ നിരീക്ഷകന്‍, 2 പോളിങ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്.

സ്ഥാനാര്‍ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കോ വീടിനു പുറത്തു നിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാന്‍ അനുവാദമുണ്ട്. പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്ന് തപാല്‍ വോട്ട് രേഖപ്പെടുത്തുന്ന രീതി വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പര്‍, കവര്‍, പേന, പശ തുടങ്ങിയവ കൈമാറും. വോട്ടര്‍ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പിക്കണം. ഈ പ്രക്രിയ വീഡിയോയില്‍ ചിത്രീകരിക്കും. ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തുന്നത് വീഡിയോയില്‍ പകര്‍ത്തില്ല.

വോട്ടറില്‍ നിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പര്‍ അടങ്ങുന്ന ഒട്ടിച്ച കവര്‍ പോളിങ് സംഘം അന്നു തന്നെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു കൈമാറും. അത് റിട്ടേണിങ് ഓഫീസറുടെ ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍ മുന്‍പ് വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ചവര്‍ക്കു മാത്രമാണ് ഈ അവസരം. 4.02 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഇവര്‍ക്ക് ഇനി ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button