ഇസ്ലാമാബാദ്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയവെ ഇമ്രാൻ ഖാൻ മാദ്ധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തി. രോഗമുക്തി നേടുന്നതുവരെ നിരീക്ഷണത്തിൽ തുടരണമെന്ന നിർദ്ദേശമാണ് ഇമ്രാൻ ഖാൻ ലംഘിച്ചത്.
ക്വാറന്റെയ്‌നിൽ കഴിയുന്ന വസതിയിൽ വെച്ചാണ് ഇമ്രാൻഖാൻ മാദ്ധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. വാർത്താ വിതരണമന്ത്രി ഷിബിൽ ഫറാസും ഇമ്രാൻ ഖാനൊപ്പം ഉണ്ടായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഷിബിൽ ഫറാസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്നാണ് ഇമ്രാൻ ഖാൻ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച വിവരം പുറത്തുവന്നത്. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനമാണ് പാകിസ്താനിലെ ജനങ്ങൾ ഉയർത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചത്. വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ചൈനയുടെ സിനോഫാം വാക്സിൻ ഇമ്രാൻ ഖാൻ സ്വീകരിച്ചിരുന്നെങ്കിലും ഇതിന് പിന്നാലെ അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. വാക്സിൻ സ്വീകരിച്ച ഇമ്രാൻ ഖാന്റെ ഭാര്യയ്ക്കും കോവിഡ് ബാധിച്ചു.
Read Also: നെഞ്ചുവേദന; രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post Your Comments