ന്യൂഡല്‍ഹി: ഭാര്യയെയും ബന്ധുക്കളെയും ഇല്ലായ്മചെയ്യാന്‍ ഇറാക്കിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ തന്ത്രം പയറ്റിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് സ്വദേശി വരുണ്‍ അറോറ എന്ന മുപ്പത്തേഴുകാരനാണ് പിടിയിലായത്. രുചിയും മണവുമില്ലാത്ത മാരക വിഷമായ താലിയം ആരുമറിയാതെ മീന്‍കറിയില്‍ ചേര്‍ത്തുകൊടുത്താണ് ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചത്. വിഷപ്രയോഗത്തില്‍ വരുണിന്റെ ഭാര്യയുടെ അമ്മയും സഹോദരിയും കൊല്ലപ്പെട്ടിരുന്നു.
താലിയം എന്ന വിഷമാണ് ഇയാള്‍ കറിയില്‍ കലര്‍ത്തിയത്. വളരെ പതുക്കെ മരണം ഉറപ്പാക്കുന്നതാണു താലിയം. സംഭവത്തില്‍ 37കാരനായ വരുണ്‍ അറോറ എന്നയാളെ ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. വരുണിന്റെ ഭാര്യാമാതാവ് അനിത ദേവി ശര്‍മയുടെ ശരീരത്തില്‍ താലിയത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ ഇയാളുടെ ഭാര്യയേയും രക്തത്തില്‍ വിഷത്തിന്റെ സാന്നിധ്യത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭാര്യ ദിവ്യ അബോധാവസ്ഥയിലാണ്.
അന്വേഷണത്തിന് ഇടയിലാണ് അനിതയുടെ ഇളയ മകള്‍ പ്രിയങ്കയുടെ മരണം സംശയ നിഴലിലാകുന്നത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് പ്രിയങ്ക മരിച്ചത്. താലിയം ശരീരത്തില്‍ പ്രവേശിക്കുന്നവരില്‍ കാണുന്ന ലക്ഷണങ്ങള്‍ – മുടി കൊഴിച്ചില്‍, കാലിനുള്ള അസഹനീയ വേദന – എന്നിവ പ്രിയങ്കയ്ക്കുണ്ടായിരുന്നതായും കണ്ടെത്തി. അനിതയുടെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വരുണിന്റെ ഭാര്യ ദിവ്യയെയും ശാരീക അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലാക്കി.
ഇവരുടെ രക്ത പരിശോധനയിലും താലിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ അസ്വാഭാവികത മണത്തു. ഇതിനിടെ ദിവ്യയുടെ സഹോദരിയും മരിച്ചു. ഇവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും താലിയം കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെ ദിവ്യയുടെ അച്ഛനെയും വീട്ടിലെ വേലക്കാരിയെയും ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലാക്കി. ഇവരുടെ രക്തപരിശോധനയിലും താലിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കുടുംബവുമായി അടുത്തുബന്ധമുള്ള ആരോ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു എന്ന് പൊലീസിന് വ്യക്തമായി.
ഭാര്യാപിതാവ് ദേവേന്ദര്‍ മോഹന്‍ ശര്‍മയുടെ ശരീരത്തിലും താലിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ വീട്ടിലെ ജോലിക്കാരിയിലും ലക്ഷണങ്ങള്‍ കണ്ടിരുന്നതായി ഡപ്യൂട്ടി കമ്മിഷണര്‍ ഊര്‍വിജ ഗോയല്‍ പറഞ്ഞു. അന്വേഷണത്തില്‍ അരുണ്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സ്പെഷ്യലെന്ന പേരില്‍ മീന്‍കറി വിളമ്പിയതായി കണ്ടെത്തി. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ താലിയം കണ്ടെടുക്കുകയും ചെയ്തു. ചോദ്യംചെയ്തതോടെ എല്ലാം വരുണ്‍ തുറന്ന് സമ്മതിക്കുകയായിരുന്നു.
ജനുവരി 31ന് വരുണ്‍ ദിവ്യയുടെ വീട്ടിലെത്തിയിരുന്നു. അന്ന് ഇയാള്‍ അവിടെ മീന്‍ കറി വയ്ക്കുകയും അതില്‍ താലിയം കലര്‍ത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ദിവ്യയുമായി 12 വര്‍ഷം മുന്‍പായിരുന്നു വരുണിന്റെ വിവാഹം. മക്കളില്ലാത്തതിനെ തുടര്‍ന്ന് ദിവ്യയുടെ വീട്ടുകാര്‍ വരുണിനെ ആക്ഷേപിക്കുന്നതു പതിവായിരുന്നു. നാലു വര്‍ഷം മുന്‍പ് ഐവിഎഫിലൂടെ ദിവ്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം ദിവ്യ വീണ്ടും ഗര്‍ഭിണിയായി.
എന്നാല്‍ ജീവന് ഭീഷണിയാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ ഗര്‍ഭഛിദ്രം നടത്തി. വരുണിന് ഇതിനോട് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ശര്‍മ പറഞ്ഞു.
വരുണും രണ്ടു കുട്ടികളും താലിയമടങ്ങിയ ഭക്ഷണം കഴിച്ചിരുന്നില്ല. ടെലിവിഷനില്‍ ഹാസ്യപരിപാടി കണ്ട് കുറേ ചിരിച്ചതിനാല്‍ താടിയെല്ലിന് വേദനയാണെന്നു പറഞ്ഞാണ് വരുണ്‍ കഴിക്കാതിരുന്നത്.
കുട്ടികള്‍ പാലു കുടിച്ചിരുന്നതിനാലും ഭക്ഷണം കഴിച്ചില്ല. ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്താണ് താലിയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വരുണ്‍ ശേഖരിച്ചതെന്നും പൊലീസ് പറഞ്ഞു.
രുചിയും മണവുമില്ലാത്ത വിഷമൂലകമായ താലിയം സള്‍ഫേറ്റ് ഒരുകാലത്ത് എലി വിഷമായും ഉറുമ്പുകളെ കൊല്ലാനും ഉപയോഗിച്ചിരുന്നു. 1975 മുതല്‍ അമേരിക്ക ഉള്‍പ്പടെ പലരാജ്യങ്ങളും സുരക്ഷാ കാരണങ്ങളാല്‍ ഇതിന്റെ ഉപയോഗം നിരോധിച്ചു.
Post Your Comments