ലക്നൗ : രാജ്യ പുരോഗതിയിൽ നിർണായക ഘടകമായി മാറിയ ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രമുഖ തോക്ക് നിർമ്മാതാക്കളായ വെബ്ലി ആന്റ് സ്‌കോട്ട്. ഇത് സംബന്ധിച്ച് ചർച്ചകൾക്കായി കമ്പനി ഡയറക്ടർ ജോൺ ബ്രൈറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനായി നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കൂടുതൽ കരുത്തേകുന്നതാണ് പുതിയ നീക്കം.
ഉത്തർപ്രദേശിൽ പുതിയ ഫാക്ടറി ആരംഭിക്കാനാണ് വെബ്ലി ആന്റ് സ്‌കോട്ട് പദ്ധതിയിടുന്നതെന്നാണ് വിവരം. ഹർദോയിൽ പങ്കാളിത്തതോടെ കമ്പനിയുടെ ഒരു നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് സ്വതന്ത്ര്യമായി ഫാക്ടറി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നത്. യോഗിയുമായുള്ള ജോൺ ബ്രൈറ്റിന്റെ കൂടിക്കാഴ്ച്ച സംസ്ഥാനത്ത് വിദേശ നിക്ഷേപവും, മേക്ക് ഇൻ ഇന്ത്യ ക്യാമ്പെയ്നും ഒന്നിച്ച് കൊണ്ടുപോകാൻ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കമ്പനിയുടെ ഉത്പന്നങ്ങളെക്കുറിച്ചും, സേവനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ കൂടിക്കാഴ്ച്ചയിൽ ജോൺ ബ്രൈറ്റ് മുഖ്യമന്ത്രിയുമായി പങ്കുവെയ്ക്കും. പുതിയ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം വിശദീകരിക്കും. സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് സന്നദ്ധത അറിയിച്ച് ജോൺ ബ്രൈറ്റ് നേരത്തെ യോഗിയ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി ജോൺ ബ്രൈറ്റ് കൂടിക്കാഴ്ച്ച നടത്തുന്നത്.
Post Your Comments