ജിദ്ദ: ശവ്വാൽ ഒന്ന് മുതൽ ഹോട്ടൽ, ഭക്ഷ്യവിൽപന കടകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടി പാർലർ, ജിംനേഷ്യം അടക്കമുള്ള കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നിർബന്ധമാകാനൊരുങ്ങുന്നു. രാജ്യത്ത് കൊറോണ വൈറസ് രോഗം പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട കമ്മിറ്റി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർക്ക് കോവിഡ് വാക്സിൻ ശവ്വാൽ ഒന്ന് മുതൽ നിർബന്ധമാക്കി കൊണ്ടുള്ള പ്രഖ്യാപനം ചൊവ്വാഴ്ച പൊതുഗതാഗത അതോറിറ്റി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് കായിക മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ, ഭവന മന്ത്രാലയവും ജോലിക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കിയിരിക്കുന്നത്. ഈ മേഖലയിലെ തൊഴിലാളികൾ വാക്സിൻ എടുത്തില്ലെങ്കിൽ ജോലിക്ക് കോവിഡ് നെഗറ്റീവ് പി.സി.ആർ പരിശോധ റിപ്പോർട്ട് നിർബന്ധമായിരിക്കുന്നതാണ്. ശവ്വാൽ ഒന്നു മുതൽ മുഴുവൻ ജോലിക്കാരും കോവിഡ് വാക്സിനെടുത്തിട്ടുണ്ടോ അല്ലെങ്കിൽ പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുണ്ടോയെന്ന് ഉറപ്പുവരുത്തണണമെന്ന് നിർദ്ദേശം നൽകി.
കോവിഡ് വാക്സിനെടുക്കാത്തവർക്ക് ഒരോ ആഴ്ചയിലും പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. പൊതുജനാരോഗ്യം സംരക്ഷിക്കുക, സാമൂഹിക അകലം പാലിക്കാത്ത അവസ്ഥകളിൽ വൈറസ് പടരുന്നത് തടയുക, ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരിക, വാക്സിൻ വ്യാപനം എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും കായിക, മുനിസിപ്പൽ മന്ത്രാലയങ്ങൾ അറിയിക്കുകയുണ്ടായി.
Post Your Comments