ഗുരുതരമായി കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ സ്ത്രീ ലൈംഗിക ഹോർമോണായ പ്രോജസ്റ്ററോണ്‍ ഗുണകരമെന്ന് റിപ്പോർട്ട്. ചെസ്റ്റ് എന്ന ഓൺലൈൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. കൊവിഡ് ബാധിതരായ പുരുഷന്മാരിൽ പ്രോജസ്റ്ററോണ്‍ കുത്തിവെച്ചതിലൂടെ കൃത്യമായ മാറ്റങ്ങളുണ്ടായെന്നാണ് ടിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കാലിഫോർണിയയിലെ ഒരു സംഘം ഗവേഷകരാണ് പ്രോജസ്റ്ററോണിന് ചില ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ‘സൈറ്റോകൈൻ സ്ട്രോംസ്’എന്നറിയപ്പെടുന്ന മാരകമായ രോഗപ്രതിരോധ പ്രതികരണങ്ങൾ കുറയ്ക്കുന്നതിന് ഹോർമോൺ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി. ലോസ് ഏഞ്ചൽസിലെ സിഡാർസ്-സിനായി ആശുപത്രിയിൽ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്. ആശുപത്രിയിലെ പൾമോണോളജിസ്റ്റ് സാറാ ഗന്ധേഹാരിയും സഹപ്രവർത്തകരും 40 ഓളം പുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്.
വൈറസ് പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായ രീതിയിലാണ് ബാധിച്ചത്. പ്രോജസ്റ്ററോൺ എന്ന ഹോർമോൺ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്ത 40 പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. അവരിൽ, ഒരു ഗ്രൂപ്പ് ആളുകൾക്ക് സാധാരണ ചികിത്സ നൽകി. മറ്റൊരു ഗ്രൂപ്പിന് 100 മില്ലിഗ്രാം പ്രോജസ്റ്ററോൺ കുത്തിവെയ്പ്പ് നടത്തി. ദിവസം രണ്ടുതവണ എന്ന രീതിയിൽ അഞ്ചു ദിവസത്തേക്കായിരുന്നു കുത്തിവെയ്പ്പ്. ഇവരെ 15 ദിവസത്തേക്കോ ഡിസ്ചാർജ് ആകുന്നത് വരെയോ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ച് പോന്നു.
പ്രൊജസ്റ്ററോൺ കുത്തിവയ്പ്പുകൾ സ്വീകരിച്ച രോഗികൾക്ക് ശരാശരി 1.5 പോയിന്റ് ഉയർന്ന തോതിൽ രോഗസ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്തി. അവർക്ക് വേഗത്തിൽ രോഗം ഭേദമായി.
Post Your Comments