കാസർകോട്: കാസർകോട് മണ്ഡലത്തിൽ ഇത്തവണ താമര വിരിയുമെന്ന് ബിജെപി. ക്രിസ്ത്യൻ വിഭാഗത്തിന്റേതടക്കം ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ ശ്രീകാന്ത് വ്യക്തമാക്കി. ഓരോ ദിവസവും വർധിച്ചു വരുന്ന ജനപിന്തുണയാണ് ബിജെപിയുടെ വിജയപ്രതീക്ഷയ്ക്ക് ആത്മവിശ്വാസമേകുന്നത്.
കഴിഞ്ഞ 44 വർഷങ്ങളായുള്ള മുസ്ലീംലീഗിന്റെ ഉരുക്കു കോട്ട ഇത്തവണ തകർക്കുമെന്നാണ് ബിജെപി പറയുന്നത്. 39 വർഷമായി മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. ഓരോ തെരഞ്ഞെടുപ്പിലുമുണ്ടാകുന്ന വോട്ട് വർധനയിലാണ് ബിജെപിയുടെ പ്രതീക്ഷ. 2001 ന് ശേഷം തുടർച്ചയായി ലീഗിന് ഭൂരിപക്ഷം കുറയുന്നതും ബിജെപിയ്ക്ക് പ്രതീക്ഷയേകുന്നുണ്ട്.
മണ്ഡലത്തിലെ മൂവായിരത്തോളം വരുന്ന ക്രിസ്ത്യൻ വോട്ടുകളും മുസ്ലീം വോട്ടിലെ ചെറിയ ശതമാനവും ബിജെപിയ്ക്ക് അനുകൂലമാകുമെന്നാണ് ബിജെപി സ്ഥാനാർത്ഥിയായ കെ ശ്രീകാന്ത് പറയുന്നത്. മുസ്ലീംലീഗിൽ മൂന്നാം തവണയും എൻ എ നെല്ലിക്കുന്ന് മത്സരിക്കുന്നതിൽ പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments