ന്യൂഡൽഹി: ശശി തരൂരിനെ പോലെ ഇംഗ്ലീഷ് പഠിക്കാമെന്ന് അവകാശപ്പെട്ട് കൊണ്ടുള്ള മൊബൈൽ ആപ്പിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആപ്പിനെതിരെ ശശി തരൂർ എത്തിയത്.
ബ്ലാക്ക് ബോർഡ് റേഡിയോ എന്ന ആപ്പിനെതിരെയാണ് ശശി തരൂർ പരാതി നൽകാനൊരുങ്ങുന്നത്. കുറച്ച് കാലമായി പ്രവർത്തിക്കുന്ന ആപ്പ് ഈയിടെയാണ് തരൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആപ്പിനെ കുറിച്ചും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ചും അറിയിച്ചത്.
‘ ഈ ആപ്പുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആപ്പുവഴി തെറ്റിദ്ധരിക്കപ്പെട്ട നിരവധി വിദ്യാർഥികളാണ് ഇതെന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഒരു വിധത്തിലും ഇത് ഞാൻ അംഗീകരിച്ചിട്ടുമില്ല. വാണിജ്യ ആവശ്യങ്ങൾക്കായി എന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഞാൻ നടപടി സ്വീകരിക്കും’ ശശി തരൂർ കുറിച്ചു.
ഒന്ന് മുതൽ ഒൻപത് വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്ന ഇംഗ്ലീഷ് ലേണിംഗ് ആപ്പാണ് ശശി തരൂരിന്റെ പേര് അനുമതിയില്ലാതെ പരസ്യത്തിന് ഉപയോഗിച്ചത്. യുഎസിൽ നിന്നും യുകെയിൽ നിന്നുമുളള പിഎച്ച്ഡിക്കാരും ഐഐടിയിൽ നിന്നുളളവരുമാണ് പാഠഭാഗങ്ങൾ തയ്യാറാക്കിയതെന്നും പരസ്യത്തിൽ അവകാശപ്പെട്ടിരുന്നു.
Post Your Comments