2021 – ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ചെങ്ങന്നൂർ മണ്ഡലത്തിൽ മത്സരിക്കുന്ന എം വി ഗോപകുമാറിനെപ്പോലെയുള്ള ജനപ്രിയ സ്ഥാനാർത്ഥികളാണ് ബിജെപിയ്ക്ക് വിജയ പ്രതീക്ഷ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
ചെങ്ങന്നൂർ മണ്ഡലം സജി ചെറിയാനിൽ നിന്നും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ട് പോകുമ്പോൾ അത് സിപിഎമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂരിൽ ബിജെപിയുടെ സ്വാധീനം വർധിക്കുന്നു എന്നത് ഇടതു – വലതു മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിറ്റിംഗ് സീറ്റ് കൈവിട്ടുപോകുമോ എന്ന ആശങ്കയുമുണ്ട്.
Also Read:അമേരിക്ക ഇന്ത്യയെ 200 വർഷം അടിമകളാക്കി; വീണ്ടും വിവാദ പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റവും സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യുഡിഎഫ് എം മുരളിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് കോൺഗ്രസ് അണികളിൽ തന്നെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള ഒത്തുകളിയാണ് അപ്രസക്തനായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയതിലൂടെ വ്യക്തമാകുന്നതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
എൻ ഡി എ സ്ഥാനാർത്ഥി എം വി ഗോപകുമാറിന് സ്ഥാനാർത്ഥി പര്യടനത്തിൽ ലഭിക്കുന്ന സ്വീകാര്യത ചെങ്ങന്നൂർ ഇക്കുറി മാറാനുറച്ച് തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ്. സ്ത്രീകൾ, യുവാക്കൾ, തൊഴിലാളികൾ അങ്ങനെയെല്ലാവരും എൻ ഡി എ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തുകയാണ്. ചെങ്ങന്നൂരിന്റെ രാഷ്ട്രീയം മാറുകയാണ്. ചുവപ്പിൽ നിന്നും കാവിയിലേക്കുള്ള മാറ്റം തന്നെയാണ് ചെങ്ങന്നൂരിൽ ദൃശ്യമാകുന്നത്. ബിജെപിയുടെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നായി ചെങ്ങന്നൂർ മാറുന്നത് ശബരിമലയിലെ ആചാര സംരക്ഷണത്തിലടക്കം പാർട്ടി സ്വീകരിച്ച നിലപാടുകളുടെ വിജയം കൂടിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ആലപ്പുഴ ജില്ലയിൽ നടത്തിയ മുന്നേറ്റം സിപിഎം ജില്ലാ നേതൃയോഗത്തിൽ പോലും ചർച്ചയായിരുന്നു.
Also Read:സർവ്വേകൾ യുഡിഎഫിന് എതിരാണെങ്കിലും ഇത് കൊണ്ടൊന്നും തങ്ങൾ തളരില്ല ; ഉമ്മൻ ചാണ്ടി
സിപിഎം ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ ബിജെപി മുന്നേറ്റത്തെ ഗൗരവമായി കാണണം എന്ന് പറയുകയും ചെയ്തിരുന്നു. ദുർബല സ്ഥാനാർത്ഥിയെ രംഗത്തിറക്കി സിപിഎമ്മുമായി ഒത്തു കളിക്കുന്ന കോൺഗ്രസിനെ തുറന്നു കാട്ടിയുള്ള ബിജെപിയുടെ പ്രചാരണവും ചെങ്ങന്നൂരിലെ വോട്ടർമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരം നടക്കാനൊരുങ്ങുമ്പോൾ മണ്ഡലത്തിലെ പല മേഖലകളിലും പ്രചാരണത്തിൽ ഇരു മുന്നണികളെയും പിന്നിലാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. സഭാ തർക്കത്തിലടക്കം ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടും ശബരിമലയിൽ വിശ്വാസികൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടും എടുത്തുകാട്ടി സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാർ വിശ്വാസികൾക്കെതിരാണ് എന്ന് ബിജെപി പറയുമ്പോൾ അത് ചെങ്ങന്നൂരിൽ ചർച്ചയാവുകയാണ്.
സഭാ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകളും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും എടുത്ത് കാട്ടി ബിജെപി നടത്തുന്ന പ്രചാരണവും ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കുറി ചെങ്ങന്നൂരിൽ ചരിത്രം തിരുത്തികുറിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി മുന്നോട്ടു പോകുന്നത്.
Post Your Comments