Latest NewsNewsIndia

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ആധുനിക രീതി ഇനി ഇന്ത്യയിലും

ന്യൂഡൽഹി : മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ് മോർട്ടം ചെയ്യുന്ന ആധുനിക രീതിയായ വെർച്വൽ ഓട്ടോപ്‌സി ഇനി ഇന്ത്യയിലും. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) വെർച്വൽ ഓട്ടോപ്‌സി നടത്തി. ഇതോടെ തെക്കു കിഴക്കൻ ഏഷ്യയിൽ വെർച്വൽ ഓട്ടോപ്‌സി നടത്തുന്ന ആദ്യത്തെ ആശുപത്രിയായി ഡൽഹി എയിംസ്. ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

Read Also : ക്ഷേത്ര സംരക്ഷണത്തിന് പ്രാധാന്യം നൽകി തമിഴ്‌നാട്ടിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

പരമ്പരാഗത പോസ്റ്റ്‌മോർട്ടത്തിൽ നിന്നും വേറിട്ട് വെർച്വൽ ഓട്ടോപ്‌സി മികച്ച റിസൾട്ട് നൽകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മൃതദേഹത്തിനെ മാന്യമായ രീതിയിൽ കൈകാര്യം ചെയ്യുന്ന രീതികൂടിയാണിതെന്ന് എയിംസ് ഫോറൻസിക് വിഭാഗം മേധാവി സുധീർ ഗുപ്ത പറഞ്ഞു.

മൃതദേഹം കീറിമുറിയ്‌ക്കേണ്ട ആവശ്യമില്ല എന്നതാണ് വെർച്വൽ ഓട്ടോപ്‌സിയുടെ പ്രത്യേകത. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) അല്ലെങ്കിൽ ഡിജിറ്റൽ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) സ്‌കാനുകളിലൂടെ മരണകാരണം നിർണയിക്കാനും മൃതദേഹത്തിൽ സംഭവിച്ചിരിക്കുന്ന എല്ലാവിധ കാര്യങ്ങളും അതിവേഗം മനസിലാക്കാനും സാധിക്കും. ശരീരത്തിലെ അവയവങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും വ്യക്തമായ ഫലം നൽകുകയും ചെയ്യും. ഒന്നിലധികം പ്രാവശ്യം പരിശോധന നടത്താനും സാധിക്കും.

സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായ വെർച്വൽ ഓട്ടോപ്‌സി ചെയ്യാൻ കുറച്ച് സമയം മാത്രമെ എടുക്കൂ എന്നതാണ് ഇതിന്റെ പ്രത്യേകത. ആറ് മണിക്കൂറാണ് സാധാരണ പോസ്റ്റ് മോർട്ടം ചെയ്യാൻ വേണ്ടിവരിക. എന്നാൽ വെർച്വൽ ഓട്ടോപ്‌സിയിലൂടെ ഒരു മണിക്കൂറിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

നൂതന സാങ്കേതിക വിദ്യകളായ സ്‌കാനിങ്, ഇമേജിങ് എന്നിവയിലൂടെയാണ് മരണകാരണം കണ്ടെത്തുക. സിടി സ്‌കാൻ യന്ത്രത്തിൽ മൃതദേഹം കിടത്തുന്നതിലൂടെ 25,000 ത്തോളം ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ റെക്കോർഡ് ചെയ്യപ്പെടും. ശരീരത്തിൽ സംഭവിച്ച എല്ലാ മുറിവുകളുടെയും ചതവുകളുടെയും ചിത്രങ്ങളാണ് ലഭിക്കുക. കോശങ്ങൾക്കും ആന്തരിക അവയവങ്ങൾക്കും സംഭവിച്ച തകരാറുകൾ അതിവേഗം തിരിച്ചറിഞ്ഞ് റെക്കോർഡ് ചെയ്യാൻ കഴിയും. അമേരിക്ക, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ വെർച്വൽ ഓട്ടോപ്സി നേരത്തെ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button