നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രചരണത്തിരക്കിലാണ് സ്ഥാനാർത്ഥികളെല്ലാം. ഇതിൻ്റെ ഭാഗമായി പത്രിക സമർപ്പണത്തിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ് തൻ്റെ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി. ആസ്തി വിവര കണക്കുകളുടെ സത്യവാങ്മൂലത്തില്‍ പങ്കാളിക്കും ആശ്രിതര്‍ക്കുമുള്ള വരുമാനം കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. ബേപ്പൂരില്‍ മല്‍സരിക്കുന്ന റിയാസിൻ്റെ സ്വത്ത് വിവരണ പട്ടിക കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ.
തനിക്ക് വരുമാനമൊന്നുമില്ലെന്നാണ് റിയാസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വരുമാനമൊന്നുമില്ലാത്ത റിയാസിന് സ്വന്തമായുള്ളത് 25,10,645 രൂപയുടെ സ്വത്ത്. പിന്തുടര്‍ച്ചയായി കിട്ടിയതാണ് 24,35,000 രൂപയുടെ സ്വത്തെന്നാണ് റിയാസ് പറയുന്നത്. ഒപ്പം, റിയാസിന് വിവിധ ബാങ്കുകളിലായി 75,645 രൂപ നിക്ഷേപമുണ്ട്. കോട്ടുളി വില്ലേജില്‍ റിയാസിനു പാരമ്പര്യമായി ലഭിച്ച 15.50 ലക്ഷം രൂപ വിലമതിക്കുന്ന 2240 ചതുരശ്രയടി വീടുണ്ട്.
അതേസമയം, ഭാര്യ വീണയ്ക്ക് 1,57,53,631 രൂപയുടെ സ്വത്തുണ്ട്. വീണയ്ക്ക് കണ്‍സള്‍ട്ടന്‍സി വരുമാനമാണുള്ളതെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. വീണയ്ക്ക് 28,72,431 രൂപയുടെ ജംഗമ ആസ്തിയുണ്ട്. 18,91,200 രൂപ വിലമതിക്കുന്ന 464 ഗ്രാം സ്വര്‍ണമുള്‍പ്പെടെയാണിത്. പിണറായി പോസ്റ്റ് ഓഫീസില്‍ 2.40 ലക്ഷം രൂപയുടെ റെക്കറിങ് ഡെപ്പോസിറ്റും വിവിധ ബാങ്കുകളിലായി 1,21,231 രൂപയുടെ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്ത് 1.10 കോടി രൂപ വിപണിവിലയുള്ള 2432 ചതുരശ്രയടി വീട് വീണയ്ക്കു സ്വന്തം.
സമരം നടത്തിയതിന്റെ പേരില്‍ റിയാസിനെതിരേ എട്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. നാലു കേസുകളില്‍ പിഴശിക്ഷ ലഭിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments