തിരുവനന്തപുരം : സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇരട്ടവോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തി. ഇരട്ടവോട്ട് ആദ്യമായി സംഭവിക്കുന്നതല്ല. കാലാകാലങ്ങളായുള്ളതാണ്. ബി.എല്‍.ഒമാര്‍ പരിശോധിക്കാത്തത് പ്രശ്‌നമായി. സംസ്ഥാനത്തിന് പുറത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 20ന് ശേഷം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒന്‍പത് ലക്ഷം അപേക്ഷയാണു കമ്മീഷനു കിട്ടിയത്. കൊവിഡായതിനാല്‍ ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ക്കു നേരിട്ടു വീടുകളില്‍ പോയി പരിശോധന നടത്താന്‍ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയത്. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
തവനൂരില്‍ ചൂണ്ടിക്കാട്ടിയ പരാതികളില്‍ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700, കാസര്‍കോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. കാസര്‍കോട് ഒരു വോട്ടര്‍ക്ക് അഞ്ച് കാര്‍ഡ് ലഭിച്ചു. അതില്‍ നാലു കാര്‍ഡുകള്‍ നശിപ്പിച്ചു. കാര്‍ഡുകള്‍ നല്‍കിയ അസി. ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യഥാര്‍ഥ വോട്ടര്‍മാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കും. ഇക്കാര്യത്തില്‍ അന്വേഷണം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments