വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മെഴുക് പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതർ. മ്യൂസിയത്തിലെത്തുന്ന സന്ദർശകരെല്ലാം മെഴുക് പ്രതിമയിൽ ഇടിയ്ക്കുന്നത് കൂടിയതോടെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്നാണ് പ്രതിമ നീക്കം ചെയ്തത്.
ടെക്‌സാസിലെ സാൻ അന്റോണിയോയിലുള്ള ലൂയിസ് തുസാദ്‌സ് വാക്‌സ് വർക്ക് മ്യൂസിയത്തിലെ പ്രതിമയാണ് നീക്കം ചെയ്തത്. പ്രതിമ മ്യൂസിയത്തിൽ നിന്നും മാറ്റിയെന്നും പ്രതിമയ്ക്ക് നിരവധി കേടുപാടുകളുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെയാണ് മ്യൂസിയത്തിനകത്തെ പ്രതിമയ്ക്ക് നേരെ ആളുകൾ വൻതോതിൽ പ്രതിഷേധം അഴിച്ച് വിട്ടത്. മ്യൂസിയത്തിൽ സന്ദർശനത്തിനെത്തുന്ന പലരും പ്രതിമയിൽ ഇടിച്ച് പ്രതിഷേധമറിയിക്കുകയായിരുന്നു. ഒടുവിൽ പ്രതിമയ്ക്ക് നാശനഷ്ടങ്ങളുണ്ടായതോടെയാണ് ഇത് നീക്കം ചെയ്യാമെന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.
തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ ജനങ്ങൾ രോക്ഷം തീർത്തത് പ്രതിമയോടാണെന്നാണ് മ്യൂസിയം അധികൃതരുടെ വിശദീകരണം. പ്രതിമയുടെ മുഖത്താണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അതേസമയം, പ്രസിഡന്റ് ജോ ബൈഡന്റെ മെഴുക് പ്രതിമയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
Post Your Comments