ചെങ്ങന്നൂര്‍ : ജൂനിയറെന്ന വ്യാജേന ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിളിച്ചു വരുത്തിയ യുവാവിനെ മയക്കി കിടത്തി സ്വര്‍ണവും ഫോണുമായി യുവതി കടന്നു. തുറവൂര്‍ കുത്തിയതോട് സ്വദേശിയായ യുവാവാണ് ചതിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി.
ഈ മാസം 13നാണ് യുവാവ് ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ടത്. സ്‌കൂളില്‍ യുവാവിന്റെ ജൂനിയറായി പഠിച്ചതാണെന്നും ഇപ്പോള്‍ ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്നതായുമാണ് യുവതി പറഞ്ഞത്. 18ന് ചെങ്ങന്നൂരില്‍ വന്നാല്‍ കാണാമെന്നും അറിയിച്ചു. തുടര്‍ന്ന് അന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് ചെങ്ങന്നൂരില്‍ എത്തി. അപ്പോള്‍ ആശുപത്രി ജംഗ്ഷന് സമീപത്തുള്ള ലോഡ്ജില്‍ താനുണ്ടെന്നും അവിടേക്ക് എത്താനും യുവതി നിര്‍ദ്ദേശിച്ചു.
ലോഡ്ജ് മുറിയിലെത്തിയ യുവാവിന് യുവതി ബിയര്‍ നല്‍കി. മയക്കു മരുന്ന് ചേര്‍ത്ത ബിയറാണെന്നറിയാതെ കുടിച്ച യുവാവ് ബോധരഹിതനായി. രാത്രി 10 മണിയോടെ ലോഡ്ജിലെ ജീവനക്കാര്‍ എത്തി വിളിച്ചപ്പോഴാണ് യുവാവ് ഉണര്‍ന്നത്. ഇതിനിടെ യുവതി സ്ഥലം വിട്ടിരുന്നു. യുവാവിന്റെ മൂന്നു പവന്റെ സ്വര്‍ണമാലയും ഒന്നര പവന്‍ തൂക്കം വരുന്ന ബ്രേസ്‌ലെറ്റും ഒരു പവന്റെ മോതിരവും മൊബൈല്‍ ഫോണും യുവതി കവര്‍ന്നു. തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദമ്പതികളെന്നു പറഞ്ഞാണ് യുവാവും യുവതിയും മുറിയെടുത്തതെന്നും ലോഡ്ജ് ഉടമ പൊലീസിന് മൊഴി നല്‍കി.
Post Your Comments