നെടുമങ്ങാട്; നേമം ,പത്തനംതിട്ട കീഴ്പായുർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കൊലപാതക കേസുകളിലെയും വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൂലിത്തല്ല് കേസുകളിലെയും പ്രതിയായ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. വെള്ളായാണി ഊക്കോഡ്, പറങ്കിമാംവിള, ചിത്തിര ഭവനിൽ റജി ജോർജ് (37) നെയാണ് ആര്യനാട് പൊലീസും നെടുമങ്ങാട് റൂറൽ ഷാഡോ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
വ്യക്തി വിരോധത്തിന്റെ പേരിൽ റബ്ബർ ടാപ്പിങ് ജോലിക്കാരനായ തമിഴ്നാട് വിളവൻകോട് സ്വദേശി ബിജുവിനെ കാട്ടാക്കട, വീരണകാവ്, ആനക്കോട്, എംഎസ് നിവാസിൽ ആദിത്യൻ (22) എന്ന വ്യക്തിയുടെ സഹായത്തോടെ വെള്ളനാട് കന്യാരുപാറയിലെ ആളൊഴിഞ്ഞ റബർ പുരയിടത്തിൽ എത്തിച്ചു. അവിടെ കാത്തു നിന്ന സംഘം വടിവാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ബിജുവിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു.
ഇവരുടെ പിടിയിൽ നിന്നും ഓടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ച ബിജുവിനെ ആര്യനാട് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചായിരുന്നു ജീവൻ രക്ഷപ്പെടുത്തിയത്. ഈ കേസിൽ ആര്യനാട് പൊലീസ് രണ്ടാഴ്ച്ച മുൻപ് ആദിത്യനെ അറസ്റ്റ് ചെയ്‌തിരുന്നു. ആദിത്യനെ ചോദ്യ ചെയ്തതിൽ നിന്നാണ് റജി ജോർജിനെ കുറിച്ച് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
ആര്യനാട് ഇൻസ്‌പെക്ടർ മഹേഷ് കുമാർ, എസ്ഐ രമേഷ്, നെടുമങ്ങാട് റുറൽ ഷാഡോ ഡാൻസാഫ് ടീം എസ്ഐ ഷിബു, എഎസ്ഐ സുനിലാൽ, ആര്യനാട് സ്റ്റേഷനിലെ പൊലീസുകാരായ അജിത്, ഷിബു, ഷിജു ഫ്രാൻസിസ്, പ്രിജിത് എന്നിവരാണ് ഇയാളെ പിടികൂടിയത്.
Post Your Comments