മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്‌തുനിറച്ച വാഹനം കണ്ടെത്തിയ ഫെബ്രുവരി 25 ന് സി.സി ടിവിയില്‍ കണ്ടെത്തിയ വ്യക്‌തി മുംബൈ പോലീസ് ഉദ്യോഗസ്‌ഥനായ സച്ചിന്‍ വെയ്‌സ് ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ).
മുഖവും ശരീരഭാഷയും ആരും തിരിച്ചറിയാതിരിക്കാന്‍ വലിയ തൂവാല കൊണ്ട് തല മറച്ചിരുന്നതായും അയഞ്ഞ കുര്‍ത്ത ധരിച്ചിരുന്നതായും സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമായതായി എന്‍.ഐ.എ. പറഞ്ഞു.
അതേസമയം തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് വാസെ നല്‍കിയ ഹര്‍ജി കോടതി തള്ളി.രണ്ടുദിവസം മുമ്പ് വെയ്‌സിന്റെ വസതിയില്‍നടത്തിയ റെയ്‌ഡില്‍ ലാപ്‌ടോപ് പിടിച്ചെടുത്തിരുന്നു.ചില രേഖകളും ലാപ്ടോപ്, ഐപാഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും വാസെ ഉപയോഗിച്ചിരുന്ന മേഴ്സിഡസ് ബെന്‍സും പിടിച്ചെടുത്തു. ഇതില്‍നിന്ന് അഞ്ചു ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും കുറച്ച് തുണികളും ലഭിച്ചതായി എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ അനില്‍ ശുക്ല പറഞ്ഞു.
സിറ്റി പൊലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലെ (സിഐയു) അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസുദ്ദീന്‍ കാസിയെയും എന്‍ഐഎ ചോദ്യം ചെയ്തു. ഇയാളാണ് വാസെ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത്. സ്ഫോടക വസ്തു കണ്ടെത്തിയ എസ്യുവി കാര്‍ വാസെ ഉപയോഗിച്ചിരുന്നതായി കാറുടമ മന്‍സുക് ഹിരണിന്റെ ഭാര്യയും പറഞ്ഞിരുന്നു.
ഹിരണ്‍ അന്വേഷണത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ സംഭവത്തോടെ ഉദ്ധവിനെതിരെ കനത്ത പ്രതിഷേധമാണ് സഖ്യകക്ഷികൾ ഉയർത്തുന്നത്. വാസെയുടെ അറസ്റ്റ് സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചതായി ഇരുപാര്‍ട്ടികളും ചൂണ്ടിക്കാട്ടി. 16 വര്‍ഷം മുമ്പുണ്ടായ സ്ഫോടനക്കേസില്‍ പ്രതിയായിരുന്ന ഖ്വാജ യൂനുസിന്റെ മരണത്തില്‍ വാസെയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിട്ടും 2020ല്‍ തിരിച്ചെടുത്തതില്‍ വിമര്‍ശനമുണ്ടായിരുന്നു.
Post Your Comments